കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേതോടെ ഒമാനിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. ഒമാനിൽ ഈ വർഷം മാർച്ചിൽ 10,672 അന്താരാഷ്ട്ര വിമാനങ്ങളാണ് വിവിധ എയർപോർട്ടുകളിലായി എത്തിയത്. ഈ വർഷം മാർച്ചിൽ മസ്കത്ത് വിമാനത്താവളം വഴി എത്തുകയും പുറപ്പെടുകയും ചെയ്ത യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേര് ഇന്ത്യക്കാരാണ്. 1,06,872 ഇന്ത്യക്കാരാണ് ഈ മസ്കത്ത് എയർപ്പോർട്ടിനെ യാത്രക്കായി ആശ്രയിച്ചത്. 44,869 ആളുകളുമായി ബംഗ്ലദേശാണ് രണ്ടാം സ്ഥാനത്ത്. തൊട്ടടുത്ത് വരുന്നത് പാക്കിസ്താനാണ്. മസ്കത്ത്, സലാല, സുഹാർ, ദുകം വിമാനത്താവളങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 25.3 ശതമാനം വർധിച്ച് 2,914 സർവീസുകളായി. മസ്കത്ത്, സലാല, സുഹാർ, ദുകം വിമാനത്താവളങ്ങളെ ഈ മാർച്ച് അവസാനം വരെ 1.7 ദശലക്ഷത്തിലധികം യാത്രക്കാരാണ് ആശ്രയിച്ചിരിക്കുന്നത്.