തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഒാഫീസ് എസ്എഫ്ഐ ആക്രമിച്ചതിനു പിന്നാലെ കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതോടെ നാടെങ്ങും സംഘർഷം. സംസ്ഥാനത്ത് പലസ്ഥലങ്ങളിലും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്ളെക്സുകള്‍ കീറിനശിപ്പിച്ചു.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസുകാർ എകെജി സെന്ററിലേക്കു മാർച്ച് നടത്തി. മാർച്ച് കടന്നുപോകുന്ന വഴിക്കുള്ള സിപിഎമ്മിന്റെ ഫ്ലക്സുകൾ നശിപ്പിച്ചു.
സംസ്ഥാന വ്യാപകമായി നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രതിഷേധ റാലി നടക്കുകയാണ്. പലേടത്തും പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. കൊച്ചിയിലും കോഴിക്കോട്ടും നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷമുണ്ടായി.
കോട്ടയത്തു കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സിപിഎം ഒാഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നഗരത്തിൽ സംഘർഷം തുടരുകയാണ്.
കല്പറ്റയില് രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്കു നടന്ന എസ്എഫ്ഐ മാർച്ചാണ് അക്രമാസക്തമായത്. ഓഫിസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ തള്ളിക്കയറി. ഓഫീസ് ജീവനക്കാരെ മർദിച്ചു. സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.
എന്നാൽ എസ്.എഫ്.ഐയുടെ ആക്രമണത്തെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.