കണ്ണൂര്‍: കണ്ണൂർ കുറുമാത്തൂരിൽ വയോധികയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി മൂന്നര പവൻ സ്വർണ്ണ മാല കവർന്നു. കീരിയാട്ടെ തളിയൻ വീട്ടിൽ കാർത്ത്യായിനിക്ക് നേരെ ആണ് അക്രമം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നാടൻ മരുന്നുകൾ വിൽക്കാനെന്ന വ്യാജേന എത്തിയ ആളാണ് ആക്രമണത്തിന് പിന്നിൽ. മരുന്ന് വാങ്ങാൻ താൽപര്യമില്ല എന്നറിയിച്ചപ്പോൾ കുടിക്കാനായി ഇയാൾ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി വീട്ടിനകത്തേക്ക് പോയ കാര്‍ത്ത്യായിനിയെ പുറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.
മൂന്നരക്ക് മകൻ വീട്ടിലെത്തുമ്പോഴാണ് അമ്മ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ത്ത്യായിനിയുടെ തലയില്‍ 36 തുന്നലുകലുണ്ട്. തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. തളിപ്പറമ്പ് സി.ഐ അന്വേഷണം ആരംഭിച്ചു.