ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പോലെ അഗ്നിപഥും കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി. ഇത് സായുധ സേനയെ ദുർബലപ്പെടുത്തുന്ന പദ്ധതിയാണ്. അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരോടും കോൺഗ്രസ് നേതാക്കളോടും അഭ്യർത്ഥിച്ചു.
കാർഷിക ബില്ലുകൾ കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വരുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. എന്നിട്ട് കാർഷിക ബില്ലുകൾ പിൻവലിച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു. ഓരോ ഇന്ത്യൻ യുവാക്കളും ഞങ്ങളോടൊപ്പമാണ്. കാരണം സൈന്യത്തെ ദുർബലപ്പെടുത്തുന്നതിലല്ല, ശക്തിപ്പെടുത്തുന്നതിലാണ് യഥാർത്ഥ ദേശസ്നേഹം ഉള്ളതെന്ന് അവർക്കറിയാമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അഗ്നിപഥിലൂടെ സേനയിലെത്തുന്ന യുവാക്കളിൽ വലിയൊരു വിഭാഗം നാലു വർഷത്തിന് ശേഷം പുറന്തള്ളപ്പെടും, മറുവശത്ത് ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ വിഹരിക്കുകയാണ്. അവർ നമ്മുടെ ഭൂമി കയ്യേറി. രാജ്യം സൈനികമായി ശക്തിപ്പെടേണ്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അതിനെ ദുർബലപ്പെടുത്തുന്ന നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും യുദ്ധമുണ്ടായാൽ ഇത് രാജ്യത്ത് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നും രാഹുൽ ഗാന്ധി വിശദമാക്കി.