നടനെന്ന നിലയിൽ ഒടിടി പ്ളാറ്റ്ഫോമിനോടല്ല മറിച്ച് ബിഗ്സ്ക്രീനിനോടാണ് താത്പര്യമെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. സിനിമാ നിർമാതാവെന്ന നിലയിൽ മാത്രമാണ് ഒടിടി ഇഷ്ടമെന്നും താരം പറഞ്ഞു. ഏക് വില്ലൻ റിട്ടേൺസ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘എനിക്ക് ഒടിടി പ്ളാറ്റ്ഫോമുകൾ ഇഷ്ടമാണ്. പക്ഷേ ഒരു സിനിമാ നിർമാതാവെന്ന നിലയിൽ മാത്രമാണ് ഇഷ്ടം. ഒടിടി പ്രേക്ഷകർക്ക് വേണ്ട തരത്തിലെ സിനിമകൾ നിർമിക്കാനിഷ്ടമാണ്. എന്നാൽ ഒരു നടനെന്ന നിലയിൽ ബിഗ്സ്ക്രീനിനോടാണ് താത്പര്യം. എന്നെ 299 രൂപയ്ക്കോ 499 രൂപയ്ക്കോ സ്ക്രീനിൽ കാണാൻ കഴിയില്ല. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ പകുതിയ്ക്ക് വച്ച് നിർത്തിപ്പോകുന്നതും എനിക്കിഷ്ടമില്ല. ഞാനൊരു ബിഗ്സ്ക്രീൻ ഹീറോയാണ്. അങ്ങനെത്തന്നെ തുടരാനാണിഷ്ടം’- ഇതായിരുന്നു ജോൺ എബ്രഹാമിന്റെ വാക്കുകൾ.