50 വർഷം കഴിയുമ്പോൾ സിൽവർ ലൈൻ കാരണം കടമുണ്ടാകില്ലെന്ന് കെ റെയിൽ എം ഡി. പദ്ധതിക്കായി എടുക്കുന്ന വായ്പ്പയും പലിശയും തിരിച്ചടയ്ക്കേണ്ടത് കെ റെയിലാണ്. പണം നൽകാൻ കെ റെയിലിന് കഴിഞ്ഞില്ലെങ്കിൽ സർക്കാർ ബാധ്യത ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ. വൈകിട്ട് നാല് മണി മുതല്‍ ആരംഭിച്ച ഓൺലൈൻ സംവാദത്തില്‍ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി എത്തുന്ന സംശയങ്ങള്‍ക്കാണ് കെ റെയില്‍ മറുപടി നൽകിയത്. വി. അജിത് കുമാർ (മാനേജിങ് ഡയറക്ടർ, കെ റെയിൽ) എം. സ്വയംഭൂലിംഗം (പ്രോജക്ട് ഡയറക്ടർ, സിസ്ട്ര) എന്നിവരാരാണ് ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്.
രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് സിൽവർ ലൈൻ പദ്ധതിയെ എൽഡിഎഫ് മുന്നോട്ട് വെച്ചിരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽപ്പോലും മുന്നിൽവെച്ച വികസന കാർഡിൽ ആദ്യത്തേത് സിൽവർ ലൈനായിരുന്നു. മുഖ്യമന്ത്രിയുടെ തന്നെ അഭിമാന പദ്ധതിയായ സിൽവർ ലൈനിൽ കേന്ദ്രാനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പോലും പ്രസക്തമല്ലെന്ന തരത്തിലായിരുന്നു നിലപാടുകളും സമീപനവും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശമുണ്ടെന്നത് ചൂണ്ടിക്കാട്ടിയിരുന്നു.