പി കെ ബഷീർ എം.എൽ.എ.യുടെ വിവാദ പരാമർശത്തിൽ മറുപടിയുമായി എംഎം മണി എം.എൽ.എ. ബഷീർ പറഞ്ഞത് വിവരക്കേടാണെന്ന് എം എം മണി പ്രതികരിച്ചു. ബഷീറിൻറെ പരാമർശത്തിന് സമൂഹ മാധ്യമങ്ങളുടെ ജനങ്ങൾ മറുപടി നൽകുന്നുണ്ട്. താൻ ഒന്നും പറയേണ്ട ആവശ്യമില്ല. അയാൾ മുസ്ലീം ലീഗല്ലേ, അതിൻറെ വിവരക്കേട് അയാൾക്കുണ്ട്. ഒരിക്കൽ നിയമസഭയിൽ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്ന് എം എം മണി പറഞ്ഞു. പി കെ ബഷീർ പറഞ്ഞ വിവരക്കേടിന് ഇപ്പോൾ മറുപടിയില്ലെന്ന് പറഞ്ഞ എം എം മണി, സമൂഹമാധ്യമങ്ങളിൽ അയാൾ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണെന്നും അത് അങ്ങനെ നടക്കട്ടെയെന്നും പ്രതികരിച്ചു.എം.എൽ.എ ക്വാർട്ടേഴ്സിൽ അടുത്ത മുറികളാണ് തങ്ങളുടേത്, ഇനി നേരിട്ട് കാണുമ്പോൾ ചോദിക്കുമെന്നും എം.എം മണി പറഞ്ഞു.
“കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ്ദ കണ്ടാലും പേടി.. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോവുമ്പോൾ എം.എം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി? കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ” എന്നാണ് ഏറനാട് എം.എൽ.എ പി.കെ ബഷീർ പറഞ്ഞത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവർ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു ബഷീറിൻറെ പരിഹാസം.