മഹാരാഷ്ട്രയില്‍ നിന്നെത്തിയ വിമത ശിവസേനാ നേതാക്കളെ അസമില്‍ നിന്ന് തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ പ്രതിഷേധവുമായി തൃണമൂല്‍ പ്രവര്‍ത്തകർ. എംഎല്‍എമാര്‍ താമസിക്കുന്ന റാഡിസണ്‍ ബ്ലൂവിന് പുറത്താണ് ഇവര്‍ സംഘടിച്ചെത്തി പ്രകടനം നടത്തിയത്. പ്രതിഷേധിച്ചവരെ പോലീസ് നീക്കം ചെയ്തു. ടിഎംസി നേതാവ് റിപുണ്‍ ബോറയെ പോലീസ് അറസ്റ്റ് ചെയ്തു.അസമിലെ വെള്ളപ്പൊക്കത്തില്‍ ആളുകള്‍ മരിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വിമതര്‍ക്ക് സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി ഹോമന്ത ബിശ്വ ശര്‍മ്മയാണെന്ന് റിപുണ്‍ ബോറ ആരോപിച്ചു.
അതേസമയം, ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത സേന എംഎല്‍എമാര്‍ വസിക്കുന്ന റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ അസം ക്യാബിനറ്റ് മന്ത്രി അശോക് സിംഗാള്‍ എത്തി.ഒപ്പം അസം എഡിജിപി ഹാര്‍ദി സിംഗ് ഹോട്ടലിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.ഷിന്‍ഡേ വിഭാഗത്തിന് പിന്തുണ കൂടി വരുന്നതായാണ് സൂചന. ഏകനാഥ് ഷിന്‍ഡേയെ നിയമസഭാ കക്ഷി തലവനായി തിരഞ്ഞെടുത്ത വിമത എം എല്‍എ മാരുടെ അവകാശവാദം നിയമപ്രകാരം തീരുമാനിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.