ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടുകൂടി ഗോതമ്പിനായി ബംഗ്ലാദേശ് റഷ്യയെ സമീപിച്ചതായി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരാണ് റഷ്യ. ഗോതമ്പ് ലഭിക്കാനുള്ള കരാറിന് അന്തിമരൂപം നൽകുന്നതിനായി റഷ്യയുമായി ബംഗ്ലാദേശ് ഇന്ന് വെർച്വൽ മീറ്റിംഗ് നടത്തും.
റഷ്യയിൽ നിന്ന് കുറഞ്ഞത് 200,000 ടൺ ഗോതമ്പെങ്കിലും ഇറക്കുമതി ചെയ്യാനാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ഇന്ന് നടക്കുന്ന വെർച്വൽ കൂടിക്കാഴ്ചയിൽ വിലയും പണമടയ്ക്കലും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. ആഗോള വിലയേക്കാൾ കിഴിവ് നൽകാൻ റഷ്യയ്ക്ക് കഴിയും എന്നാണ് ബംഗ്ലാദേശ് പ്രതീക്ഷ.
ഇന്ത്യയിൽ നിന്നായിരുന്നു ഗോതമ്പ് ഏറ്റവും കൂടുതൽ ബംഗ്ലാദേശ് ഇറക്കുമതി ചെയ്തത് . പ്രതിവർഷം 7 ദശലക്ഷം ടൺ ഗോതമ്പ് ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുന്നതിൽ മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയുടെ കയറ്റുമതി നിരോധനത്തിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ നിന്നും ഗോതമ്പ് വാങ്ങാൻ ശ്രമിച്ചെങ്കിലും ഉയർന്ന വില കാരണം പിൻവാങ്ങുകയായിരുന്നു. ചരക്ക് അടിസ്ഥാനമാക്കി ഇന്ത്യൻ ഗോതമ്പിന് ടണ്ണിന് 400 ഡോളറിൽ താഴെയാണ് ബംഗ്ലാദേശ് നൽകുന്നത്. എന്നാൽ ആഭ്യന്തര വിപണിയിലെ വില കുതിച്ചു കയറിയതോടെ ഇന്ത്യ കയറ്റുമതി നിരോധിച്ചു. കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചുനിർത്താൻ ബംഗ്ലാദേശ് സർക്കാർ പാടുപെടുകയാണ്.