മുംബൈ: മഹാരാഷ്ട്രയില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ഔദ്യോഗിക വസതി ഒഴിഞ്ഞ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഔദ്യോഗിക വസതി ഒഴിഞ്ഞ അദ്ദേഹം സ്വന്തം വീടായ മാതോശ്രീയിലേക്ക് മാറി. രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഉദ്ധവിന് വൈകാരിക യാത്രയയപ്പാണ് ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയത്. അദ്ദേഹത്തിന്റെ വാഹനത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി.
നൂറുകണക്കിന് അണികളാണ് ഉദ്ധവ് താക്കറെയുടെ കുടുംബ വീട്ടിലും പടിയിറങ്ങുന്നതിനിടെ വര്‍ഷ ബംഗ്ലാവിലും എത്തിച്ചേര്‍ന്നത്. പുതിയൊരു സമ്മര്‍ദ തന്ത്രം എന്ന നിലയിലാണ് ഉദ്ധവ് വസതിയൊഴിയുന്നത്.
ഫേസ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് താക്കറെ രാജി സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു
അതേസമയം, കൂടുതൽ വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് എത്തിയെന്നാണ് വിവരം. നാല് ശിവസേന എംഎൽഎമാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, പ്രശ്നപരിഹാരത്തിനായി ശരദ് പവാർ രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ശരദ് പവാറും നാനാ പട്ടേളയും കൂടിക്കാഴ്ച നടത്തുകയാണ്. സർക്കാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ശരദ് പവാർ പറഞ്ഞു. ആവശ്യമെങ്കിൽ ഷിൻഡേയെ മുഖ്യമന്ത്രി ആക്കുന്നത് പരിഗണിക്കണം എന്നാണ് ശരദ് പവാറിന്റെ നിലപാട്. മന്ത്രിസഭാ പുനഃസംഘടന ആലോചിക്കാമെന്ന നിർദേശവും കൂടിക്കാഴ്ചയിൽ ശരദ് പവാർ മുന്നോട്ട് വെച്ചു.