സംസ്ഥാന ആരോഗ്യവകുപ്പിന് തീരാകളങ്കമേല്പിക്കുന്നതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവം. മസ്തിഷ്കമരണം സംഭവിച്ച ആളിന്റെ വൃക്കയുമായി എറണാകുളത്തു നിന്ന് രണ്ടരമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്തിച്ച വൃക്കകൾ രോഗിയിൽ വച്ചുപിടിപ്പിക്കാനുണ്ടായ കാലതാമസമാണ് രോഗിയുടെ മരണത്തിൽ കാരണമായത്. തിരുവനന്തപുരം കാരക്കോണം അണിമംഗലത്ത് സുരേഷ് കുമാറിന്റെ (62)ജീവനാണ് വൃക്ക മാറ്റിവച്ചിട്ടും നഷ്ടമായത്. മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ പോറ്റി, നെഫ്രോളജി വിഭാഗം മേധാവി ഡോ.ജേക്കബ് ജോർജ് എന്നിവരെ സസ്പെൻഡ് ചെയ്യുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആരോഗ്യവകുപ്പും മന്ത്രിയും പറഞ്ഞു. എന്നാൽ ഒരു കുടുംബത്തിന് നാഥനെ നഷ്ടമാകാൻ കാരണമായ ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ വെളിവാക്കുന്നത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിപുലമായ സംവിധാനങ്ങളും വിദഗ്ദ്ധരായ ഡോക്ടർമാരുമുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാത്രി മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ച രോഗിയുടെ വൃക്ക ഏറ്റുവാങ്ങാൻ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ രണ്ട് പി.ജി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മെഡിക്കൽ സംഘം പോയത്. സുരേഷ് കുമാറിനെ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ മെഡിക്കൽ കോളേജിലെത്തിക്കുകയും ചെയ്തു. പൊലീസ് ഒരുക്കിയ ഗ്രീൻചാനലിലൂടെ ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ന് കൊച്ചിയിൽ നിന്ന് കുതിച്ച ആംബുലൻസ് വൈകിട്ട് 5.30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുകയും ചെയ്തു. എന്നാൽ രാത്രി 9.30 മണിയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. മസ്തിഷ്ക്ക മരണം സംഭവിച്ചയാളിൽ നിന്നെടുക്കുന്ന വൃക്ക മറ്റൊരാളിൽ 24 മണിക്കൂറിനകം വച്ചുപിടിപ്പിച്ചാൽ മതിയാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നതെങ്കിലും കഴിവതും നേരത്തെ ശസ്ത്രക്രിയ നടത്തുന്നതാണ് ഉചിതം.
എറണാകുളത്തുനിന്ന് വൃക്കയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സൂപ്പർസ്പെഷ്യാലിറ്റി വിഭാഗത്തിന്റെ പോർട്ടിക്കോയിൽ ആംബുലൻസ് വന്നു നിന്നതുമുതൽ തുടങ്ങി അത്യന്തം നാടകീയ സംഭവങ്ങൾ. അവിടെ വൃക്ക ഏറ്റുവാങ്ങാൻ ഉത്തവാദപ്പെട്ടവർ ആരും ഉണ്ടായിരുന്നില്ല. വൃക്കയെ അനുഗമിച്ച പി.ജി ഡോക്ടർമാർ ആംബുലൻസിനു പിന്നിലെത്തിയ വാഹനത്തിലായിരുന്നു. അവർ എത്തിയപ്പോഴേക്കും വൃക്ക അടങ്ങിയ പെട്ടി ‘ആരോ” എടുത്തു കൊണ്ടോടി. ഓപ്പറേഷൻ തിയേറ്ററിലും ആകെ ആശയക്കുഴപ്പം. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ട വിദഗ്ധ ഡോക്ടർ എത്തി ശസ്ത്രക്രിയ ആരംഭിച്ചത് രാത്രി ഒൻപതരയോടെ. പുലർച്ചെ 2 മണിയോടെ ശസ്ത്രക്രിയ പൂർത്തിയായി. എന്നാൽ തിങ്കളാഴ്ച രാവിലെ 11.40 ന് സുരേഷ് കുമാർ മരിച്ചു. വൃക്ക മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളോ നടപടിക്രമങ്ങളോ പാലിക്കുന്നതിൽ പൂർണമായും വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ.
വൃക്കയുമായി എറണാകുളത്തു നിന്ന് തിരിച്ചപ്പോൾ തന്നെ തിരുവനന്തപുരത്ത് അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. വൃക്ക എത്തുമ്പോൾ സ്വീകരിക്കാൻ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടായിരുന്നെങ്കിൽ ‘ആരോ’ എടുത്തുകൊണ്ട് ഓടുകയില്ലായിരുന്നു. എടുത്തുകൊണ്ട് ഓടിയവർക്ക് ഓപ്പറേഷൻ തിയേറ്റർ കണ്ടെത്താനാകാതിരുന്നതും ഗുരുതര വീഴ്ചയായി. ഓപ്പറേഷൻ തിയേറ്ററിൽ ഡോക്ടർമാർക്ക് പ്രവേശിക്കാനും രോഗികളെ കയറ്റാനും പ്രത്യേകം വാതിലുകളുണ്ട്. ഇതറിയാത്തവർ എടുത്തു കൊണ്ടോടിയപ്പോഴാണ് തിയേറ്റർ കണ്ടെത്താൻ കഴിയാതായത്. വൃക്ക എത്തുന്ന സമയത്തിന് അനുസൃതമായി രോഗിയുടെ ഡയാലിസിസ് നടത്തുന്നതിലും കാലതാമസമുണ്ടായി. രോഗിക്ക് ആദ്യം ഒരു തവണ ഡയാലിസിസ് നടത്തിയെങ്കിലും രണ്ടാമത് ഒരു തവണകൂടി ചെയ്യേണ്ടി വന്നെന്നാണ് ഡോക്ടർമാർ പറയുന്നത്. വൃക്കയുമായി വന്ന ആംബുലൻസ് പാതിവഴിയിലെത്തിയപ്പോഴെങ്കിലും ഡയാലിസിസ് തുടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ അവിടെയും സമയം ലാഭിക്കാമായിരുന്നു. വൃക്ക എത്തിയാലുടൻ ശസ്ത്രക്രിയ ആരംഭിക്കാൻ വിദഗ്ധസംഘം തയ്യാറായി നിൽക്കണമായിരുന്നെങ്കിലും മണിക്കൂറുകൾ വൈകിയാണ് ഡോക്ടർമാരെത്തിയത്. ഇങ്ങനെ എല്ലാ കാര്യങ്ങളിലും അസാധാരണമായ വീഴ്ചയാണുണ്ടായത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആംബുലൻസിലെത്തിച്ച വൃക്ക ‘ആരോ’ എടുത്തുകൊണ്ടോടിയെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജാണ്. തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ നടന്ന ഈ സംഭവം മാത്രംമതി ആരോഗ്യസംവിധാനങ്ങളുടെ വീഴ്ചയും പിടിപ്പുകേടും തിരിച്ചറിയാൻ. എന്നാലിത് ആംബുലൻസുകാർ ഒരുക്കിയ നാടകമാണെന്നാണ് പുറത്തുവരുന്ന വിവരം. എറണാകുളത്തുനിന്ന് പൊലീസ് ഒരുക്കിയ ഗ്രീൻചാനൽ പാതയിലൂടെ അതിവേഗം പാഞ്ഞ ആംബുലൻസ് ചുരുങ്ങിയ സമയത്തിനകം തിരുവനന്തപുരത്തെത്തിക്കുന്നത് സിനിമാക്കഥ പോലെ വൻ സംഭവമാക്കാൻ ആംബുലൻസുകാർ ശ്രമിച്ചത്രേ. അതിന്റെ ഭാഗമായാണ് അവരുമായി ബന്ധപ്പെട്ടവർ പോർട്ടിക്കോയിൽ കാത്തുനിന്നതും വന്നയുടൻ വൃക്ക അടങ്ങിയ പെട്ടി എടുത്തുകൊണ്ടോടിയതെന്നുമാണ് പറയപ്പെടുന്നത്. വൃക്ക എടുത്തോടിയവരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
ആരോഗ്യ സംവിധാനങ്ങൾ എത്രയധികം മെച്ചപ്പെട്ടാലും വിദഗ്ദ്ധരുണ്ടെന്ന് പറഞ്ഞാലും പാവപ്പെട്ട രോഗികൾക്ക് അത് പ്രയോജനപ്പെട്ടില്ലെങ്കിൽ ഈ സംവിധാനങ്ങൾ കൊണ്ടെന്ത് പ്രയോജനമെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെങ്കിലും ഇതിനുള്ള ഒരു സ്ഥിരം സംവിധാനം ഇതുവരെ സംസ്ഥാനത്തുണ്ടായിട്ടില്ല. അവയവമാറ്റ ശസ്ത്രക്രിയകൾ നടത്താൻ മാത്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും മറ്റു സംവിധാനങ്ങളും അടിയന്തരമായി സജ്ജമാക്കേണ്ടതുണ്ടെന്ന് ഐ.എം.എ നിയുക്ത പ്രസിഡന്റ് ഡോ. സുൽഫി നൂഹു പറഞ്ഞു. ഇപ്പോൾ മറ്റു ഡ്യൂട്ടികൾ ചെയ്യുന്നതിനിടെയാണ് ഡോക്ടർമാർ അവയവമാറ്റ ശസ്ത്രക്രിയയും നടത്തുന്നത്.
സുരേഷ് കുമാറിന് വൃക്കമാറ്റ ശസ്ത്രക്രിയയിൽ കാലതാമസം നേരിട്ടത് ഞായറാഴ്ചയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ സസ്പെൻഷനിലായ ഡോ. ജേക്കബ് ജോർജ് കേരളത്തിൽത്തന്നെ ഇല്ലായിരുന്നെന്നാണ് പറയപ്പെടുന്നത്. സുരേഷ് കുമാറിന്റെ യഥാർത്ഥ മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ.ബന്ധുക്കൾ പരാതിനൽകിയിട്ടുണ്ടെങ്കിലും ‘കാർഡിയാക് അറസ്റ്റ് “എന്നോ മറ്റോ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തി അധികൃതർ തലയൂരുമെന്നതിൽ സംശയമില്ല. സുരേഷ് കുമാർ എന്നയാൾ രാഷ്ട്രീയ നേതാവോ മന്ത്രിയോ വി.വി.ഐ.പിയോ ഒന്നുമല്ല. അതിനാൽ കൂടുതൽ ഒച്ചപ്പാടുകളൊന്നും ഉണ്ടാകാനും ഇടയില്ല. ഈ സംഭവം ഒരിയ്ക്കൽക്കൂടി നമ്മെ ഓർമ്മിപ്പിക്കുകയാണ്, പാവങ്ങൾക്ക് എവിടെയാണ് നീതി ലഭിക്കുകയെന്ന്.