ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ച് ജെ.ഡി.യു. ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പിന്തുണ പ്രഖ്യാപിച്ചത്. ഉന്നതപദവിയിലേക്ക് ഒരു പട്ടികവിഭാഗ വനിതയെ നാമനിര്‍ദേശം ചെയ്തതില്‍ സന്തോഷമെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു.
ദ്രൗപദി മുര്‍മുവിന് ജെ.ഡി.യുവിന്റെ സമ്പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നാണ് നിതീഷ് കുമാര്‍ ഇന്ന് വ്യക്തമാക്കിയത്. ആദിവാസി ഗോത്രവിഭാഗത്തില്‍നിന്നുള്ള ഒരു വനിത രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്ന അവസരത്തില്‍ തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദ്രൗപദി മുര്‍മു വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, എന്‍.ഡി.എയുടെ പ്രധാന ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണ വേളയില്‍ ദ്രൗപദിയ്ക്കൊപ്പം പാര്‍ലമെന്റിലെത്തുമെന്നാണ് വിവരം.