പട്ന: പറന്നുയർന്ന വിമാനത്തില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ധൈര്യപൂര്‍വ്വം വിമാനം നിലത്തിറക്കി വനിതാ വൈമാനിക ക്യാപ്റ്റൻ മോണിക്ക ഖന്ന. ഞായറാഴ്ച ഉച്ചയ്ക്ക് 185 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട സ്പേസ് ജെറ്റിന്റെ എസ്ജി723 വിമാനമാണ് മോണിക്ക സുരക്ഷിതമായി നിലത്തിറക്കിയത്. പട്നയിൽനിന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ ചിറകിൽ പക്ഷി വന്നിടിച്ചാണ് വിമാനത്തിന് അഗ്നിബാധയേറ്റത്.
പറ്റ്നയിലെ സംഭവത്തില്‍ ധീരതയോടെ വിമാനം നിയന്ത്രിച്ച വൈമാനികരാണ് തങ്ങളുടെ അഭിമാനമെന്ന് സ്പൈറ്റ് ജെറ്റ് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സ്പൈറ്റ്ജെറ്റ് ഓപറേഷന് തലവന്‍ ഗുരുചരണ്‍ അറോറയും പൈലറ്റിനെ പ്രകീര്‍ത്തിച്ചു രംഗത്തെത്തി.
‘പൈലറ്റുമാരെ കുറിച്ച് അഭിമാനിക്കാം. അവരില്‍ വിശ്വാസം അര്‍പ്പിക്കാം. അവര്‍ മികച്ച പരിശീലനം നേടിയവരാണ്.’ ഗുരുചരണ്‍ അറോറ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ഒരു സന്നിഗ്ധ ഘട്ടത്തില്‍ എങ്ങനെയാണ് സമചിത്തത കൈവിടാതെ വിമാനത്തിന് ഒരു കുലുക്കം പോലും സംഭവിക്കാതെ നിലത്തിറക്കുക എന്നതാണ് നാം കണ്ടതെന്നും അറോറ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.10ന് പറ്റന് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ബോയിങ്-737 വിമാനത്തിന്റെ എഞ്ചിനും ചിറകിനും തീപിടിക്കുകയായിരുന്നു. കത്തിപ്പിടിച്ച എഞ്ചിന് അടിയന്തരമായി നിര്‍ത്തി ഒറ്റ എഞ്ചിന്റെ ബലത്തിലാണ് വിമാനം റണ്‍വേയില്‍ തിരികെയിറക്കിയത്.
അപകടമുണ്ടായ ഉടൻ മോണിക്ക ഫസ്റ്റ് ഓഫീസർ ബൽപ്രീത് സിങ്ങുമായി കൂടിയാലോചിച്ചു. ഇടി ബാധിച്ച എഞ്ചിൻ ഓഫ് ചെയ്ത് ‘ഭാരം കൂടിയ’ എയർക്രാഫ്റ്റ് വിദഗ്ധമായി റൺവേയിലിറക്കുകയായിരുന്നു. പൈലറ്റിന്റെ അടിയന്തര ഇടപെടൽ 185 യാത്രക്കാരുടെ ജീവനാണ് രക്ഷിച്ചത്.