മുംബൈ: ശിവസേനാ തലവനും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ മഹാരാഷട്രാ മന്ത്രിയും വിമത നേതാവുമായ എക്നാഥ് ഷിൻഡേയുമായി ഫോണിൽ സംസാരിച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണം 20 മിനുട്ട് നീണ്ടുനിന്നു. തനിക്ക് 35 എംഎൽഎമാരുടെ പിന്തുണ ഉള്ളതായി ഷിൻഡേ ഉദ്ദവ് താക്കറെയെ അറിയിച്ചതായി സൂചനയുണ്ട്. ശിവസേന ബിജെപിക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
ഉദ്ദവും അജിത് പവാറും ഇപ്പോൾ കൂടിക്കാഴ്ച നടത്തുകയാണ്. എൻസിപി അധ്യക്ഷൻ ശരദ് പവാർ എട്ട് മണിയോടെ മുംബൈയിൽ എത്തുമെന്നാണ് വിവരം. അതേസമയം, വിമതനീക്കത്തിന് പിന്നിൽ പങ്കില്ലെന്നാണ് ബിജെപി വാദം.
ശിവസേനയിലെ മുതിർന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്നാഥ് ഷിൻഡേയാണ് ഇന്നലെ അർധ രാത്രിയോടെ സൂറത്തിലെമറീഡിയൻ ഹോട്ടലിലേക്ക് എംഎൽഎമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎൽഎമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണണെന്ന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നൽകി. പക്ഷെ യോഗത്തിന് പാതി അംഗങ്ങൾ പോലും എത്തിയില്ലെന്നാണ് വിവരം. ആകെയുള്ള 55ൽ 33 പേർ എത്തിയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് ഒരു ദേശീയ മാധ്യമത്തോട് അവകാശപ്പെട്ടു.
ബിജെപിക്കൊപ്പം നിന്ന് സർക്കാരുണ്ടാക്കണമെന്നാണ് ഏക്നാഥ് ഷിൻഡേ മുന്നോട്ട് വച്ച നിർദ്ദേശം. അത് സേനാ നേതൃത്വം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഷിൻഡേയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിഎയുമായ മിലിന്ത് നവരേക്കർ സൂറത്തിലെത്തി വിമതരുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
കൂറുമാറ്റ നിരോധന നിയമം വ്യക്തമാക്കുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂൾ അനുസരിച്ച്, യഥാർത്ഥ പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും പാർട്ടി വിടുന്നതിനെ അനുകൂലിക്കുന്ന പക്ഷം ഏത് കൂട്ടം അംഗങ്ങൾക്കും ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടി രൂപീകരിക്കാം. കൂറുമാറ്റ വിരുദ്ധ നിയമം യഥാർത്ഥത്തിൽ നിയമസഭയിലോ പാർലമെന്റിലോയുള്ള പാർട്ടി അംഗങ്ങളിലെ മൂന്നിലൊന്ന് പേർക്ക് പോലും പുറത്തുപോകാനും മറ്റൊരു പാർട്ടിയിൽ ലയിക്കാനും അനുവദിക്കുന്നുണ്ടായിരുന്നു. എന്നാൽ 2003ലെ 91ാം ഭരണഘടനാ ഭേദഗതിയിൽ, അന്നത്തെ അടൽ ബിഹാരി വാജ്പേയി സർക്കാർ, പിളർപ്പിന്റെ വേളയിൽ കൂറുമാറ്റ വിരുദ്ധ ആരോപണങ്ങൾ നേരിടേണ്ടിവരുന്നത് ഒഴിവാക്കാൻ പാർട്ടിയിലെ മൂന്നിൽ രണ്ട് അംഗങ്ങളെങ്കിലും വേണമെന്ന് നിയമം ഭേദഗതി ചെയ്യുകയായിരുന്നു.
വിമത നീക്കത്തിന് പിന്നാലെ കോൺഗ്രസും എംഎൽഎമാരുടെ യോഗം അടിയന്തരമായി ചേർന്നു. നിരീക്ഷകനായി മധ്യപ്രദേശിലെ മുതിർന്ന നേതാവ് കമൽ നാഥിനെ മഹാരാഷ്ട്രയിലേക്ക് അയച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉദ്ദവ് താക്കറെയുമായി ഇന്ന് തന്നെ ചർച്ച നടത്തിയേക്കും.