അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പദ്ധതിയിൽ നിന്ന് പിന്മാറുമോ എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ലെന്നും ഡോവൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നിട്ടും നമ്മുടെ സൈനികരുടെ ശരാശരി പ്രായം ഉയർന്നതാണെന്നും അത് തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.അഗ്നിപഥ് റിക്രൂട്ടിങ് രീതി സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കുമെന്നും യുവാക്കളും സാങ്കേതിക വിദഗ്ധരുമടങ്ങിയതാക്കുമെന്നും അജിത് ഡോവൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഇതു സാധിക്കൂവെന്നും രാജ്യത്തെ സുരക്ഷിതമാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന മുൻഗണനകളിലൊന്നാണ് പദ്ധതിയെന്നും ഡോവൽ പറഞ്ഞുകൂടിയാലോചനയില്ലാതെ പ്രഖ്യാപിച്ച പദ്ധതിയല്ല അഗ്നിപഥ്. ഒറ്റരാത്രികൊണ്ട് ഉണ്ടായ തീരുമാനമല്ല. പതിറ്റാണ്ടുകളായി ഇത് ചർച്ച ചെയ്തിരുന്നു. പദ്ധതി ആവശ്യമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും റിസ്ക് ഏറ്റെടുക്കാനുള്ള ഇച്ഛാശക്തിയോ കഴിവോ ആർക്കും ഉണ്ടായിരുന്നില്ല. കുറെ വർഷം ചർച്ച നടത്തി. നിരവധി സൈനിക സമിതികളും മന്ത്രിതല പാനലുകളും രൂപീകരിച്ചു. സൈന്യത്തിൽ പ്രശ്നമുണ്ടെന്ന് എല്ലാവരും സമ്മതിച്ചതാണ്. സൈന്യത്തിൽ സമൂലമായ മാറ്റം ആവശ്യമാണെന്നും ഡോവൽ കൂട്ടിച്ചേർത്തു.