ബാംഗ്ലൂര്‍: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി.20 മത്സരം മഴ മൂലം ഉപേക്ഷിച്ചു. പരമ്പരയിൽ രണ്ട് മത്സരം വീതം ജയിച്ച ഇരു ടീമുകളും കിരീടം പങ്കിട്ടു. നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചിരുന്നു. ഇന്ത്യൻ ഇന്നിംഗ്സ് 3.3 ഓവർ പിന്നിട്ടപ്പോൾ മഴ പെയ്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
കളി തടസപ്പെടുമ്പോൾ ഇന്ത്യക്ക് 28 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷൻ (15), ഋതുരാജ് ഗെയ്ക്വാദ് (10) എന്നിവരാണ് പുറത്തായത്. ലുങ്കി എങ്കിഡി രണ്ട് വിക്കറ്റും വീഴ്ത്തി.
കേശവ് മഹാരാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തുടരെ രണ്ട് സിക്സറുകൾ നേടി ആരംഭിച്ച കിഷന് ഏറെ ആയുസുണ്ടായില്ല. രണ്ടാം ഓവറിലെ അവസാന പന്തിൽ എങ്കിഡിയുടെ സ്ലോ ബോൾ യുവതാരത്തിൻ്റെ കുറ്റി പിഴുതു. ടൈമിങ് കണ്ടെത്താൻ വിഷമിച്ച ഋതുരാജ് നാലാം ഓവറിലെ രണ്ടാം പന്തിൽ പ്രിട്ടോറിയസിൻ്റെ കൈകളിൽ അവസാനിച്ചു. ഋതുരാജും സ്ലോ ബോളിനു മുന്നിലാണ് വീണത്.
ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ശേഷം, പിന്നീടുള്ള രണ്ട് കളികളിലും ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ പരമ്പര സമനിലയിലാക്കിയത്.