ബെംഗളൂരു: ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം തടസപ്പെടുത്തി മഴ. ടോസ് ഇട്ട് ഇരു ടീമുകളിലെയും താരങ്ങൾ ഗ്രൗണ്ടിലെത്തിയപ്പോഴാണ് പെട്ടെന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴ പെയ്തത്.
തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. മഴ മാറിയെങ്കിലും ഔട്ട്ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്നുള്ള സമയ നഷ്ടം കാരണം മത്സരം 19 ഓവറാക്കി ചുരുക്കിയിരിക്കുകയാണ്.
കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ തെംബ ബാവുമ ഇന്ന് കളിക്കില്ല. ബാവുമയ്ക്ക് പകരം ക്യാപ്റ്റനാണ് കേശവ് മഹാരാജ്. ഇതോടെ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ടോസ് നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മൂന്ന് മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല.
ട്രിസ്റ്റൻ സ്റ്റബ്സ്, റീസ ഹെൻറിക്സ്, കഗീസോ റബാഡ എന്നിവർ ടീമിൽ തിരികെയെത്തി. ബാവുമയ്ക്കൊപ്പം മാർക്കോ ജാൻസൻ, തബ്രൈസ് ഷംസി എന്നിവരും പുറത്തിരിക്കും.
രണ്ടുവീതം വിജയങ്ങളുമായി തുല്യനിലയില്‍ നില്‍ക്കേ ഞായറാഴ്ച ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.