2023ല്‍ നടക്കാനിരിക്കുന്ന ആഫ്രോ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യയുടെ വിരാട് കോഹ്ലിയും പാകിസ്ഥാന് ബാബര്‍ അസമും ഒരു ടീമിന് വേണ്ടി കളിക്കും. ആഫ്രിക്കയിലെ കളിക്കാരും ഏഷ്യയിലെ കളിക്കാരും രണ്ട് ടീമുകളായി മത്സരിക്കുന്നതാണ് ആഫ്രോ ഏഷ്യ കപ്പ്. 2007 നു ശേഷം മുടങ്ങിപ്പോയ മത്സരം അടുത്ത വര്‍ഷം നടത്താനാണ് ആലോചന. 2005ല്‍ നടന്ന ആഫ്രോ ഏഷ്യ കപ്പ് മത്സരത്തില്‍ രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ് തുടങ്ങിയവര്‍ക്കൊപ്പം പാക് താരം ഷാഹിദ് അഫ്രീദിയും കളിച്ചിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ഇരു രാജ്യങ്ങളും ദ്വിരാഷ്ട്ര പരമ്പര കളിക്കാറില്ല. ഐസിസി വേദികളിലോ മറ്റു ടൂര്‍ണമെന്റുകളിലോ മാത്രമാണ് രണ്ട് രാജ്യത്തെ കളിക്കാരേയും ഒരു വേദിയില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലെ കളിക്കാര്‍ ഒരു ടീമായി മത്സരിക്കാനിറങ്ങിയാല്‍ അത് വേറിട്ട കാഴ്ചയാണ്.
ഇന്ത്യ പാകിസ്ഥാന് ക്രിക്കറ്റ് കളിക്കാരെ ഒരു കുടക്കീഴില് ഒന്നിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും ടൂര്‍ണമെന്റ് നടത്തുമെന്ന് ഉറപ്പായാല്‍ സ്പോണ്‍സര്‍ഷിപ്പും സംപ്രേക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളും പുറത്തുവിടുമെന്ന് എസിസി കമേഴ്സ്യല്‍ തലവന്‍ പ്രഭാകരന് തന്രാജ് പറഞ്ഞു.