രാജ്കോട്ട്: ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 16.5 ഓവറില്‍ 87 റണ്‍സിലൊതുക്കിയ ഇന്ത്യ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ട്വന്റി-20 യിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.
നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര പ്രതിരോധത്തിലായി. ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ പരമ്പര 2-2ന് സമനിലയിലായി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.
170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. കളിക്കിടെ രണ്ടു തവണ പന്ത് ദേഹത്ത് തട്ടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ നാലാം ഓവറില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. തൊട്ടടുത്ത ഓവറില്‍ ഡ്വെയ്ന്‍ പ്രെറ്റോറിയസുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് ക്വിന്റണ്‍ ഡിക്കോക്ക് (14) റണ്ണൗട്ടായി.
പ്രിട്ടോറിയസ് അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ആവേശ് ഖാൻ തിരികെ അയച്ചു. തകർത്തടിക്കുമെന്ന് പ്രതീക്ഷിച്ച ക്ലാസൻ ചഹലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തേക്ക് പോയതോടെ ദക്ഷിണാഫ്രിക്ക അപകടം മണത്തു. 8 റൺസാണ് ക്ലാസന്റെ സമ്പാദ്യം. മില്ലറും (9) ഹർഷൽ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി പുറത്തേക്ക് നടന്നു. 20 റണ്‍സെടുത്ത റാസ്സി വാന്‍ഡെര്‍ ദസ്സനും മടങ്ങി. മാര്‍ക്കോ യാന്സന് (12), കേശവ് മഹാരാജ് (0), ആന്റിച്ച് നോര്‍ക്യ (1), ലുങ്കി എന്‍ഗിഡി (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുക്കേണ്ടി വന്ന ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. ദിനേശ് കാർത്തിക്കും ഹർദിക്കും ചേർന്ന് അവസാന ഓവറുകളിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചത്.
13 ഓവറിൽ നാലിന് 81 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ കാർത്തിക്ക് (55), ഹാർദിക് പാണ്ഡ്യ (46) കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും ചേർന്ന് 33 പന്തിൽ 65 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യൻ നിരയിൽ ഓപ്പണർ ഇഷാൻ കിഷനും (27) ഭേദപ്പെട്ട പ്രകടനം നടത്തി.
ക്യാപ്റ്റൻ പന്ത് ഇത്തവണയും നിരാശപ്പെടുത്തി. 23 പന്തിൽ 17 റൺസാണ് ക്യാപ്റ്റൻ നേടിയത്.