മീ ടു വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടന്‍ വിനായകന്‍. പന്ത്രണ്ട് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ വിനായകനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്ക് തർക്കമുണ്ടായി .’ഒരുത്തീ’ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂവിനെ പരിഹസിക്കുന്ന തരത്തില്‍ വിനായകന്‍ സംസാരിച്ചിരുന്നു. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിനായകൻ മാപ്പ് പറയുകയാണ് ഉണ്ടായത്. മാധ്യമപ്രവര്‍ത്തകയോട് നടത്തിയ ഈ പരാമര്‍ശത്തെ സംബന്ധിച്ച ആണ് ഈ വാർത്താ സമ്മേളനത്തിൽ ചോദ്യം ഉയര്‍ന്നത്. ഈ ചോദ്യത്തോടും ക്ഷുഭിതനായാണ് വിനായകൻ മറുപടി പറഞ്ഞത്.
ശാരീരിക പീഡനങ്ങളെ മീ ടൂ എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്രയും വലിയ തെറ്റുകള്‍ ചെയ്യുന്ന എത്രയാളുകള്‍ ജയിലില്‍ പോയെന്നും വിനായകന്‍ ചോദിച്ചു. താനിതുവരെ ആരെയും ഒരു സ്ത്രീയെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടില്ലെന്നും വിനായകന്‍ പറഞ്ഞു.
”ഇത്രയും വലിയ കുറ്റകൃത്യത്തെ മീ ടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ? ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചില്ല. വിനായകന്‍ അത്രയും തരംതാഴ്ന്നവനല്ല. നിങ്ങള്‍ എന്നില്‍ ആരോപിച്ച മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന്. മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്.” വിനായകൻ ചോദിച്ചു.
‘ഞാന്‍ ആ പെണ്‍കുട്ടിയെ ഉദ്ദേശിച്ചല്ല പറഞ്ഞത്. അങ്ങനെ വ്യാഖ്യാനിച്ചതാണ്. ആ പെണ്‍കുട്ടിയോട് താന്‍ മാപ്പ് പറഞ്ഞിരുന്നു. സങ്കടമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് വീണ്ടും പറയുന്നു. സങ്കടമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നു’, തന്നെ മാധ്യമങ്ങള്‍ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും താന്‍ ചെയ്യാത്ത കാര്യങ്ങള്‍ തന്നിലാരോപിച്ചുവെന്നും വിനായകന്‍ ആരോപിച്ചു.
















