മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്. മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ഇന്ത്യന്‍ ടീമിലെത്തി.
റിഷഭ് പന്തിന്റെ അഭാവത്തിലാണ് ഹാര്‍ദിക് നായകനാകുന്നത്. ഭുവനേശ്വര്‍ കുമാര്‍ സഹനായകനാകും. സഞ്ജുവിന് പുറമേ ഇഷാന് കിഷന്, ദിനേശ് കാര്‍ത്തിക്ക് എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും ടീമിലുണ്ട്. സൂര്യകുമാര്‍ യാദവ് ടീമില്‍ തിരിച്ചെത്തി.
അയര്‍ലന്‍ഡിനെതിരെ ഈ മാസം അവസാനം രണ്ട് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിാരയ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന് മാലിക്കും അര്‍ഷദീപ് സിംഗും ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ജൂണ്‍ 26, 28 തീയ്യതികളിലായാണ് ഇന്ത്യ-അയര്‍ലന്‍ഡ് മത്സരം നടക്കുന്നത്. അയര്‍ലന്‍ഡ് മത്സരത്തിന് വേദിയാകും. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന് റോയല്‍സ് ഫൈനലിലെത്തിയതോടെ താരം ഇന്ത്യന്‍ ടീമിലെത്തുമെന്ന പ്രതീക്ഷ സജീവമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പറക്കുന്നത്.
ടീം ഇന്ത്യ: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന് കിഷന്, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്ക്, യൂസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയി, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്, അര്‍ഷ്ദീപ് സിങ്, ഉമ്രാന് മാലിക്.
🚨 NEWS 🚨: India’s squad for T20I series against Ireland announced.#TeamIndia
— BCCI (@BCCI) June 15, 2022