വിശാഖപട്ടണം: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 48 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള് ഔട്ടായി.
29 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് വീഴ്ത്തി ഹര്‍ഷല്‍ പട്ടേലും മൂന്ന് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ജയിച്ചെങ്കിലും അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇപ്പോഴും 2-1ന് മുന്നിലാണ്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ റതുതുരാജ് ഗെയ്ക്വാദിന്റെയും ഇഷാന് കിഷന്റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 35 പന്തില്‍ 57 റണ്‍സടിച്ച ഗെയ്ക്വാദാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന് കിഷന് 35 പന്തില്‍ 54 റണ്‍സടിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പ്രിട്ടോറിസ് രണ്ടുവിക്കറ്റെടുത്തപ്പോള്‍ ഷംസി, കേശവ് മഹാരാജ്, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.