മൂവാറ്റുപുഴ സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ ‘സീഡ്‌സ്‌കേപ്പ് 2.0’ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ ഡിസൈനുകളുടെ പ്രദര്‍ശനവും ഡിസൈന്‍ സംബന്ധിയായ സംവാദവുമാണ് പരിപാടിയുടെ ഭാഗമായി നടന്നത്. ഡിസൈനിങ്ങില്‍ തങ്ങള്‍ സ്വീകരിക്കുന്ന വ്യത്യസ്തങ്ങളായ രീതികള്‍ പ്രശസ്ത ഡിസൈനര്‍മാരായ സാമിറ റാത്തോഡ്, ബിജോയ് രാമചന്ദ്രന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. തുടര്‍ന്ന് കെട്ടിടനിര്‍മാണത്തിലെ ഡിസൈന്‍ ചിന്തകളെക്കുറിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ സീഡ് അക്കാദമിക് കൗണ്‍സില്‍ മേധാവി ഡോ. എ. ശ്രീവത്സന്‍, ആര്‍ക്കിടെക്റ്റ് സിറില്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ഡിസൈന്‍ വിദ്യാഭ്യാസത്തില്‍ പുതിയ കാല്‍വെപ്പ് നടത്തുന്നതിന്റെ ഭാഗമായി അഹമദാബാദിലെ സെപ്റ്റ് (CEPT) യൂണിവേഴ്‌സിറ്റിയുമായി സീഡ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സീഡ് ചെയര്‍മാന്‍ അഡ്വ. ടി.എസ്. റഷീദ്, സെപ്റ്റ് യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി പ്രൊവോസ്റ്റ് പ്രൊഫ. ചിരായു ഭട്ട് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സീഡ് പ്രിന്‍സിപ്പല്‍ കൂടിയായ പ്രമുഖ വാസ്തുശില്‍പി സെബാസ്റ്റ്യന്‍ ജോസ്, അക്കാഡമിക് തലവന്‍ രാജശേഖര്‍ സി. മേനോന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിന് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങി 250-ലേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു.