ദുബായ്: പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തുമെന്ന് മന്ത്രി കെ രാജന്‍. ആറുമാസത്തിലൊരിക്കല്‍ റവന്യുമന്ത്രി യുഎഇയില്‍ നേരിട്ട് എത്തി പരാതികള്‍ സ്വീകരിക്കും. പ്രവാസികള്‍ക്ക് ഭൂനികുതി ഗള്‍ഫിലിരുന്നു അടയ്ക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ യുഎഇയിലായിരിക്കും റവന്യു അദാലത്ത് നടത്തുക. ആറുമാസത്തിലൊരിക്കല്‍ റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും നേരിട്ടെത്തി പ്രവാസികളുടെ പരാതികൾ സ്വീകരിക്കും. ഭൂമി, വീട് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അവധിയെടുത്ത് നാട്ടിലെത്തി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതി ലോക കേരള സഭയിൽ അവതരിപ്പിക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കി.