ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് പിന്മാറി അമേരിക്കൻ കമ്പനികളായ ആമസോണും ഗൂഗിളും. നാളെ ലേലം നടക്കാനിരിക്കെയാണ് ഈ കമ്പനിയുടെ പിന്മാറൽ. ഇതോടെ, ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാൻ റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് പ്രധാന മത്സരം. ജിയോ, ഹോട്ട്സ്റ്റാർ എന്നിവർ തമ്മിലാണ് ഡിജിറ്റൽ അവകാശത്തിനായി മത്സരിക്കുക.
സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക. ഈ നാല് ബണ്ടിലുകൾക്കും കൂടിയാണ് തുക.
വരും സീസണുകളിൽ ഐപിഎൽ മത്സരങ്ങളുടെ എണ്ണം വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2023 മുതൽ 2027 വരെയുള്ള സീസണുകളിൽ മത്സരങ്ങളുടെ എണ്ണം ക്രമാനുഗതമായി വർധിപ്പിക്കാനാണ് ബിസിസിഐയുടെ ആലോചന. 2023, 2024 സീസണുകളിൽ 74 മത്സരങ്ങൾ വീതമാണ് ഉണ്ടാവുക. 2025, 2026 സീസണുകളിൽ ഇത് 84 മത്സരങ്ങളായി വർധിക്കും. 2027 സീസണിൽ 10 മത്സരങ്ങൾ കൂടി വർധിച്ച് 94 മത്സരങ്ങളാവും. എന്നാൽ, 84 മത്സരങ്ങളിൽ നിർത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.