ന്യൂഡല്‍ഹി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 7 വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം റാസി വാന്‍ഡര്‍ ഡസ്സന്റെയും ഡേവിഡ് മില്ലറുടെയും മിന്നല്‍ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു.
45 പന്തില്‍ 75 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സന് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 31 പന്തില്‍ 64 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ട്വന്റി 20-യില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. തോല്‍വിയോടെ തുടര്‍ച്ചയായ 13 ജയങ്ങള്‍ നേടി റെക്കോഡിടാമെന്ന ഇന്ത്യയുടെ മോഹം പാഴായി.
ഇന്ത്യയുടെ കൂറ്റന്‍ സ്കോറിന് മുന്നില്‍ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കക്ക് അടിതെറ്റി. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ തെംബാ ബാവുമയെ(10) മടക്കി ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ കിന്റണ്‍ ഡീ കോക്കും വണ്‍ ഡൗണായി എത്തിയ ഡ്വയിന്‍ പ്രിട്ടോറിയസും തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്ക കുതിച്ചു. 13 പന്തില്‍ 29 റണ്‍സടിച്ച പ്രിട്ടോറിയസ് നാല് സിക്സും ഒരു ഫോറും പറത്തി. ഡികോക്കിനെ(22) അഖ്സറും പ്രിട്ടോറിയസിനെ(29) ഹര്‍ഷല്‍ പട്ടേലും മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പിടി അയയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ഐപിഎല്ലിലെ മികച്ച ഫോം ദക്ഷിണാഫ്രിക്കക്കായും തുടര്‍ ഡേവിഡ് മില്ലര്‍ ക്രീസിലെത്തിയപാടെ അടി തുടങ്ങിയതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. അക്സര്‍ പട്ടേലിനെയും ഹര്‍ഷല്‍ പട്ടേലിനെയും സിക്സുകള്‍ക്ക് പറത്തി മില്ലര്‍ ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിലേക്ക് നയിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. 48 പന്തില്‍ നിന്ന് മൂന്ന് സിക്സും 11 ഫോറുമടക്കം 76 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന് കിഷനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാത്തതിന്റെ കേടുതീര്‍ക്കുന്ന തുടക്കമാണ് കിഷന് മത്സരത്തില്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഋതുരാജ് ഗെയ്ക്വാദും കിഷനും ചേര്‍ന്ന് 38 പന്തില്‍ നിന്ന് 57 റണ്‍സടിച്ച് നന്നായി തുടങ്ങി.
15 പന്തില്‍ നിന്ന് മൂന്ന് സിക്സടക്കം 23 റണ്‍സെടുത്ത ഋതുരാജിനെ മടക്കി വെയ്ന്‍ പാര്‍നലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ ടീമിന്റെ റണ്‍റേറ്റ് പത്തില്‍ താഴാതെ കാത്തു. രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച ശ്രേയസ് – കിഷന് സഖ്യം 80 റണ്‍സാണ് സ്കോര്‍ ബോര്‍ഡിലെത്തിച്ചത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ശ്രേയസിന് പക്ഷേ 17-ാം ഓവറില്‍ ഡ്വെയ്ന്‍ പ്രെറ്റോറിയസിന് മുമ്പില്‍ പിഴച്ചു. 27 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 36 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ക്യാപ്റ്റന്‍ ഋഷഭ് പന്തും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും മോശമാക്കിയില്ല. തകര്‍ത്തടിച്ച ഇരുവരും അധിവേഗം 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 16 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 29 റണ്‍സെടുത്ത പന്ത് അവസാന ഓവറില്‍ പുറത്തായി. ഹാര്‍ദിക് വെറും 12 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 31 റണ്‍സോടെ പുറത്താകാതെ നിന്നു.