ഇപ്പോഴത്തെ പ്രകൃതി ദുരന്തങ്ങളെയും, വന്യമൃഗങ്ങളെയും, മറ്റ് എല്ലാം പ്രശ്നങ്ങളെയും അതിജീവിച്ച് ജീവിതം കെട്ടിപ്പടുത്തവരാണ് ഇടുക്കിക്കാർ. എന്നാൽ ഇനി ഈ മലയോരക്കാർക്ക് ഭൂപ്രശ്നങ്ങളും വനഭൂമിയുമായുമെല്ലാം ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും ബാലികേറാമലയാവുകയാണ്. ഇത്രയും കാലം ആർജിച്ച എല്ലാ കരുത്തും ചോർത്തിക്കളയുന്ന നിയമങ്ങളാണ് ഇവരിക്ക് മുന്നിലുള്ളത്. ഇവരുടെ അതിജീവന മാർഗങ്ങളായ കൃഷിയും ടൂറിസവുമെല്ലാം ഈ നിയമങ്ങളുടെ കാണാചരടുകളിൽപ്പെട്ടു പ്രതിസന്ധിയിലായിരിക്കുകയാണ്. റോഡ് വികസനം പോലും സാദ്ധ്യമാകാത്ത സാഹചര്യം. ഇതിനിടയിലാണ് സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റർ ദൂരം പരിസ്ഥിതി ലോലമാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നത്.
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും നൽകിയ റിപ്പോർട്ടുകളാണ് സുപ്രീംകോടതിയെ ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. കേരളത്തിൽത്തന്നെ ഏറ്റവും കൂടുതൽ വനമേഖലയുള്ളത് ഇടുക്കിയിലാണ്. ജില്ലയിൽ ദേശീയോദ്യാനങ്ങളും വന്യജീവി സംരക്ഷണകേന്ദ്രങ്ങളുമടക്കം എട്ട് അതീവ സംരക്ഷിത വനമേഖലകളാണുള്ളത്. മറ്റ് സംരക്ഷിത വനമേഖകൾ വേറെയും. പെരിയാർ വന്യജീവി സങ്കേതം കൂടാതെ തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളിലായുള്ള ഇടുക്കി വന്യജീവി സങ്കേതം (77 ചതുരശ്ര കിലോമീറ്റർ), ചിന്നാർ വന്യജീവി സങ്കേതം(90.442 ച.കി.മീ), ഇരവികുളം ദേശീയോദ്യാനം (97 ച.കി.മീ), ആനമുടി ചോല, കുറിഞ്ഞിമല സാങ്ച്വറി, മതികെട്ടാൻചോല ദേശീയോദ്യാനം (12.82 ച.കി.മീ), പാമ്പാടുംചോല ദേശീയോദ്യാനം (11.753 ച.കി.മീ) എന്നിവയാണ് ജില്ലയിലെ പ്രധാന സംരക്ഷിത വനപ്രദേശങ്ങൾ. ആകെ 3770 ചതുരശ്ര കിലോമീറ്റർ വനം.
കേരളത്തിൽത്തന്നെ ഏറ്റവുമധികം സംരക്ഷിത വനമേഖലയുള്ള ജില്ലകൂടിയാണ് ഇടുക്കി. 350 കിലോമീറ്റർ ദൂരത്തിൽ വനാതിർത്തിയും പങ്കിടുന്നുണ്ട്. വനംവകുപ്പ് ജണ്ടകെട്ടി തിരിച്ച് അതിർത്തി നിർണയിച്ച പ്രദേശങ്ങളെല്ലാം സംരക്ഷിത വനമേഖലയുടെ പട്ടികയിൽപ്പെടും. അതിനാൽ, നിയമം നടപ്പായാൽ ആയിരത്തിലേറെ ഏക്കർ ഭൂമിയിലെ കൃഷി അവസാനിപ്പിക്കേണ്ടിവരും. ഒട്ടേറെ കുടിയേറ്റ കർഷകർക്കാണ് ഇത് തിരിച്ചടിയാവുക. കേരളത്തിലെ ശീതകാല പച്ചക്കറി ഉത്പാദനത്തെ വരെ ഇത് ബാധിച്ചേക്കും. വന്യജീവി സങ്കേതങ്ങളുടെ അതിർത്തികളിൽ പലതും ജനവാസ മേഖലയാണ്. കുറിഞ്ഞിമല, പാമ്പാടുംചോല, ചിന്നാർ, ഇടുക്കി വന്യജീവി സങ്കേതം തുടങ്ങി ഒട്ടുമിക്ക സംരക്ഷിത വനമേഖലകൾക്ക് സമീപത്തും ജനവാസമുണ്ട്. ഇവിടെ ഇനി നിർമ്മാണപ്രവൃത്തികളോ, വികസന പദ്ധതികളോ സാദ്ധ്യമാകില്ല. ഒട്ടേറെ ആദിവാസി സെറ്റിൽമെന്റുകളുടെ അതിജീവനത്തെയും ഇത് ബാധിക്കും.
സംരക്ഷിത വനമേഖലകളുടെ അനുബന്ധമായ പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിലവിലുള്ള നിർമ്മിതികളെക്കുറിച്ച് മൂന്നുമാസത്തിനകം സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാർ റിപ്പോർട്ട് നൽകണമെന്നാണ് കോടതി ഉത്തരവ്. ഇത് വന്യജീവി സങ്കേതങ്ങൾക്കടുത്തുള്ള റിസോർട്ടുകളുടെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. ഇതോടൊപ്പം പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാരുടെ അനുമതി വേണമെന്നും ഇതിന് ആറുമാസം മുമ്പ് അപേക്ഷ നൽകണമെന്നും നിർദേശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ റോഡ് നിർമാണമടക്കം സാദ്ധ്യമാകാതെ വരും. നിലവിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാത നിർമാണങ്ങളെയും ഇത് ബാധിക്കും. സുപ്രീംകോടതി വിധിയെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ജനങ്ങൾക്ക് അത്ര വിശ്വാസം പോര. ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന 2019 ഡിസംബർ 17 ലെ സർവകക്ഷിയോഗ തീരുമാനം ഇതുവരെ നടപ്പാക്കാത്ത സർക്കാരാണിതെന്ന് അവർക്ക് ബോദ്ധ്യമുണ്ട്.
രാജ്യത്ത് നിലനിന്നു പോരുന്ന ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംബന്ധിച്ച് സുപ്രീം കോടതിയെ വേണ്ടവിധത്തിൽ ബോദ്ധ്യപ്പെടുത്താൻ കഴിയാതെ പോയതിന്റെ പരിണിത ഫലമാണ് സുപ്രീംകോടതി വിധി. ഈ വിധി അസ്ഥിരപ്പെടുത്താൻ കേരള സർക്കാർ കേസിൽ കക്ഷി ചേരണമെന്നും സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചുകൂട്ടണമെന്നുമാണ് യു.ഡി.എഫ് നേതാക്കളുടെ ആവശ്യം. എന്തായാലും വിവാദ സുപ്രീം കോടതി വിധി അതിജീവിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായ ജനകീയ മുന്നേറ്റം ഇവിടെ അത്യാവിശ്യമാണ്.