കൊല്‍ക്കത്ത: എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ രണ്ടു ഗോളുകളും നേടിയത്.
കളി തുടങ്ങി 13ആം മിനിട്ടിൽ തന്നെ ഇന്ത്യ ലീഡെടുത്തു. ഇടതുവിങിലൂടെ ബോക്സിലേക്ക് കുതിച്ചുകയറിയ ലിസ്റ്റൺ കൊളാസോയെ കംബോഡിയൻ പ്രതിരോധം വീഴ്ത്തി. ലഭിച്ച പെനാൽറ്റി ഇന്ത്യൻ നായകൻ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 59ആം മിനിട്ടിൽ വീണ്ടും ഇന്ത്യ സ്കോർ ചെയ്തു. ബ്രാണ്ടൻ ഫെർണാണ്ടസ് നൽകിയ ക്രോസിൽ തലവച്ചാണ് താരം ലീഡ് ഇരട്ടിയാക്കിയത്.
ഇരട്ട ഗോളുകളോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 82 ആയി.
2021 ഒക്ടോബര്‍ 16-ന് സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നേപ്പാളിനെതിരേ (3-0) ജയിച്ച ശേഷം ഇന്ത്യന്‍ ടീം നേടുന്ന ആദ്യ ജയമാണിത്.
അടുത്ത മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും.