കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കുവൈറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത വസ്തുക്കള്‍ നീക്കം ചെയ്തു. കുവൈത്തിലെ അല്‍ അര്‍ദിയ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് ജീവനക്കാര്‍ ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ നീക്കം ചെയ്തത്.
കുവൈത്ത് സിറ്റിക്ക് പുറത്തുള്ള സൂപ്പർമാർക്കറ്റിൽ, അരിയുടെ ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളുടെയും മുളകുകളുടെയും അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. “ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു” എന്ന് അറബിയിൽ എഴുതിവച്ചിട്ടുമുണ്ട്.
പ്രവാചകനെ അപമാനിക്കുന്നത് ഞങ്ങൾ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് സ്റ്റോറിന്റെ സിഇഒ നാസർ അൽ മുതൈരി പ്രതികരിച്ചു. കമ്പനിയിലുടനീളം ഇന്ത്യൻ വസ്തുക്കൾ ബഹിഷ്കരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് മറ്റൊരു പ്രതിനിധി അറിയിച്ചു.
ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരാണ് പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയത്.