അബൂദബി: ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തെ അപലപിച്ച് യു.എ.ഇയും. വിവാദ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
മാനുഷിക മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായിട്ടുള്ള എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും യുഎഇ തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നടത്താനുള്ള ശ്രമങ്ങൾ ഒന്നിച്ചു നിന്ന് നേരിടണമെന്നും സഹിഷ്ണുതയുടേയും മാനുഷിക സഹവര്ത്തിത്വത്തിൻ്റേയും മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു വരണമെന്നും പ്രസ്താവനയിൽ യുഎഇ വ്യക്തമാക്കി.
മസ്കത്തിലുള്ള ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രാലയവും വിവാദ പരാമർശത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽഹാർത്തിയാണ് രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.
ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും അറബ് ലീഗ്, ഒ.ഐ.സി അടക്കമുള്ള സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അപകീർത്തി പരാമർശത്തിൽ ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.