പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ മുപ്പതാം ഗ്രാന്സ്ലാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ റാഫേല്‍ നദാല്‍ 21 കിരീടം നേടിയിട്ടുണ്ട്.
നദാലിന് എതിരാളി നോർവേയുടെ കാസ്പർ റൂഡാണ്. റൂഡിന്റെ മാത്രമല്ല നോർവീജിയൻ ചരിത്രത്തിലെതന്നെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണിത്. ഇതാദ്യമായാണ് റൂഡും നദാലും മുഖാമുഖം പോര്‍ക്കളത്തിലെത്തുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് കിരീട പോരാട്ടം.
വെള്ളിയാഴ്ച സെമി ഫൈനലിൽ ക്രൊയേഷ്യയുടെ മരിൻ സിലികിനെ 3-6, 6-4, 6-2, 6-2 സ്കോറിനാണ് റൂഡ് തോൽപിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചുവന്ന് ആധികാരിക ജയവുമായി ഫൈനലിലേക്ക്. ഇതോടെ കരിയറിലെ ഉയർന്ന റാങ്കായ ആറാം നമ്പറിലേക്കുയർന്നു റൂഡ്.
കഴിഞ്ഞ ദിവസം 36 വയസ്സ് തികഞ്ഞ നദാൽ ഇപ്പോൾ ലോക അഞ്ചാം നമ്പർ താരമാണ്. ക്വാർട്ടർ ഫൈനലിൽ ഒന്നാം റാങ്കുകാരനായ സെർബിയയുടെ നൊവാക് ദ്യോകോവിചിനെ കീഴ്പ്പെടുത്തിയായിരുന്നു സെമി ഫൈനൽ ടിക്കറ്റെടുത്തത്. സെമിയിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെ മത്സരം പൂർത്തിയാക്കാതെ തന്നെ ഫൈനൽ ബെർത്ത്. 7-6(8), 66ന് മുന്നിലായിരുന്നു അപ്പോൾ നദാൽ.