പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഇഗ ഷ്വാന്‍ടെകിന്. ഫൈനലില്‍ അമേരിക്കന്‍ കൗമാര താരം കോക്കോ ഗഫിനെ പരാജയപ്പെടുത്തിയാണ് ഇഗയുടെ കിരീടധാരണം.
സ്കോര്‍: 6-1, 6-3.
സിംഗിള്‍സില്‍ ഇഗയുടെ തുടർച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്. ഇതോടെ 2000ൽ തുടർച്ചയായി 35 വിജയങ്ങൾ നേടിയ വീനസ് വില്യംസിന്റെ നേട്ടത്തിന് ഒപ്പമെത്തി.
ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്ക്കാന് ഗൗഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗൗഫിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗ 6-1ന് സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ തുടക്കത്തിലെ ഇഗയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ഗൗഫ് തിരിച്ചുവരവിന്റെ സൂചന നല്കി. എന്നാല്‍ പിന്നീട് നാലാം ഗെയിമില്‍ ഗൗഫിനെ ബ്രേക്ക് ചെയ്ത ഇഗ ഒപ്പമെത്തി. സ്വന്തം സെര്‍വ് നിലനിര്‍ത്തിയ ഇഗ, ഗൗഫിന്റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്ത് നിര്‍ണായക 4-2ന്റെ ലീഡെടുത്തു. സ്വന്തം സെര്‍വ് നിലനിര്‍ത്തിയെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ അടച്ച് സ്വന്തം സെര്‍വ് നിലനിര്‍ത്തി ഇഗ കിരീടത്തില്‍ മുത്തമിട്ടു.