ആലപ്പുഴ നഗരത്തില്‍ നിന്നു മയക്കുമരുന്നുകളും വന്‍ ആയുധശേഖരവും ബോംബ് നിര്‍മിക്കുന്നതിനുള്ള സാമഗ്രികളും പിടിച്ചെടുത്തു. ഇരവുകാട് വാര്‍ഡ് കേന്ദ്രീകരിച്ച് സൗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചത്. കഞ്ചാവ്, ലഹരിമരുന്നുകള്‍, മഴു, വടിവാള്‍ ശേഖരം, ബോംബ് നിര്‍മിക്കുന്നതിനാവശ്യമായ വസ്തുക്കള്‍, സ്വര്‍ണം, പണം തുടങ്ങിയവയാണ് പോലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടോടെ നര്‍ക്കോട്ടിക് വിഭാഗവും ആലപ്പുഴ സൗത്ത് പോലീസും ചേര്‍ന്നായിരുന്നു പരിശോധന.
സംഭവത്തിൽ പ്രതിയായ ഇരവുകാട് വാര്‍ഡില്‍ ത്രിമൂര്‍ത്തിഭവനില്‍ രഞ്ജിത്ത് സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. സഹായികളെന്നു സംശയിക്കുന്ന രണ്ടുപേരെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്. ഇവര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.
ഇരവുകാട് കേന്ദ്രീകരിച്ച് മയക്കുമരുന്നുവില്‍പ്പന നടത്തിവരുന്നതായി ജില്ലാ പോലീസ് മേധാവി ജെ ജയദേവിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് നര്‍ക്കോട്ടിക് സെല്‍ വിഭാഗം ഡിവൈ എസ് പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.