ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീട വിജയത്തിലേക്കു നയിച്ചതിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാകേന്ദ്രമാണ് പാണ്ഡ്യ.ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് ഒഴിവാക്കിയതാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. തുടർച്ചയായി പരുക്കുകൾ അലട്ടിയതോടെ ദേശീയ ടീമിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത് താനാണെന്ന് പാണ്ഡ്യ പറഞ്ഞു. ട്വന്റി20 ലോകകപ്പിനു പിന്നാലെ തന്നെ ടീമിൽ നിന്ന് പുറത്താക്കിയതാണെന്ന് ഒരുപാടു പേർ കരുതുന്ന സാഹചര്യത്തിലാണ് പാണ്ഡ്യ വെളിപ്പെടുത്തൽ നടത്തിയത്.
ഈ മാസം ഒൻപതിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഹാർദിക് പാണ്ഡ്യയും ഇടംപിടിച്ചിരുന്നു. ഇതിനു മുൻപ് പാണ്ഡ്യ രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചത് 2021 നവംബറിൽ ട്വന്റി20 ലോകകപ്പിലാണ്. പുറംവേദനയെ തുടർന്ന് അന്നു മുതൽ ടീമിനു പുറത്താണ് ഇരുപത്തെട്ടുകാരനായ പാണ്ഡ്യ.
‘ദേശീയ ടീമിൽനിന്ന് മാറിനിൽക്കാനുള്ള തീരുമാനം എന്റേതായിരുന്നുവെന്ന് അധികം പേർക്കൊന്നും അറിയില്ല. എന്നെ ടീമിൽനിന്ന് തഴഞ്ഞതാണെന്ന തെറ്റിദ്ധാരണ ഒരുപാടു പേർക്കുണ്ട്. കളിക്കാൻ തയാറായി നിൽക്കുന്നവരയല്ലേ പുറത്താക്കാനാകൂ? ടീമിൽനിന്ന് കുറച്ചധികം കാലം മാറിനിൽക്കാൻ അനുവാദം നൽകുകയും തിരിച്ചുവരാൻ നിർബന്ധിക്കാതിരിക്കുകയും ചെയ്ത ബിസിസിഐയ്ക്ക് നന്ദി’ എന്നും ഗുജറാത്ത് ടൈറ്റൻസ് ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ പാണ്ഡ്യ പറഞ്ഞു.
“The old Hardik will be back!” 💪
🎥 #PapaPandya will be back in Blue, and we are excited! 🔥 #INDvSA #TeamIndia @hardikpandya7 pic.twitter.com/6KaQBb7860
— Gujarat Titans (@gujarat_titans) June 3, 2022