കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ തിയറ്ററുകളിലെത്തി. ആക്ഷനും വൈകാരികതയും ചേർന്നുള്ള എന്റർടൈനർ പാക്കേജ് ആണ് വിക്രം.മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലോകേഷിന്റെ രണ്ടാമത്തെ ചിത്രം ‘കൈതി’യുടെ ഭാഗമാണ് വിക്രം. സിനിമയുടെ റിലീസിന് മണിക്കൂറുകൾക്ക് മുമ്പ് ലോകേഷ് കനകരാജ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനാൽ, കൈതിയെ പരിചയമില്ലാത്തവർക്ക് വിക്രം കുറച്ച് അപരിചിതമായി തോന്നാം.
തന്റെ ആരാധനാതാരത്തെ നായകനാക്കി ലോകേഷ് ഒരുക്കിയിരിക്കുന്ന ആക്ഷൻ പാക്ക്ഡ് എന്റർടെയിനറാണ് വിക്രം. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരാണ് വിക്രമിന്റെ കഥാഗതി നിർണയിക്കുന്നത്.
നാർകോട്ടിക്സ് ഉദ്യോഗസ്ഥൻ സ്റ്റീഫൻ രാജ് ആയി എത്തുന്ന ഹരീഷ് പേരടി മുഖംമൂടി അണിഞ്ഞ ഒരുകൂട്ടം അക്രമികളാൽ കൊല്ലപ്പെടുന്നു. ഈ കേസ് അന്വേഷിക്കാൻ എത്തുന്നത് അണ്ടർ കവർ ഏജന്റ് ആയ ഫഹദും സംഘവുമാണ്. ഈ അന്വേഷണം ചെന്നെത്തുന്നത് പ്രപഞ്ചൻ എന്ന പൊലീസുകാരന്റെ അച്ഛന് കമലിലാണ് . മയക്കുമരുന്ന് മാഫിയ തലവൻ സന്താനമാണ് ഇതിന് പിന്നിലെന്ന് ഫഹദിന്റെ കഥാപാത്രം കണ്ടെത്തുന്നു.
ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിലെല്ലാം അദ്ദേഹത്തിന്റെ മുദ്രയുണ്ട്. ആദ്യ പകുതിയിൽ കമൽ ഹാസന് സ്ക്രീൻ പ്രെസൻസ് കുറവാണെങ്കിലും കൗതുകം ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. ഫഹദിന്റെ അപാര വിളയാട്ടം കൂടെയാണ് വിക്രം. വിജയ് സേതുപതി സന്താനം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് .
ആരാധകർക്ക് ആഘോഷമാക്കാനുള്ള ഒട്ടനവധി സീനുകൾ ചിത്രത്തിൽ ഉണ്ട്. വെറും അഞ്ച് മിനിറ്റ് മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും സൂര്യയും സ്ക്രീൻ നിറഞ്ഞു നിൽക്കുന്നു. എന്നാൽ പോലും തിരക്കഥയുടെ ഉള്ളറകളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സംവിധായകൻ ലോകേഷിന് കഴിഞ്ഞില്ലെന്നു വേണം പറയാൻ. കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് ജോസ് എന്നിവർ തങ്ങളുടെകഥാപാത്രങ്ങൾ ഭദ്രമായി കൈകാര്യം ചെയ്തിരിക്കുന്നു.