പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. എല്ലാ വര്‍ഷവും മെയ് 31 ന് ലോകാരോഗ്യ സംഘടന ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും അതെങ്ങനെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനെ കുറിച്ചും ബോധവത്കരണം നടത്തുന്നതിനാണ് ഈ ദിനം പ്രയോജനപ്പെടുത്തുന്നത്. പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ടുള്ള നിക്കോട്ടിന്‍ കമ്പനികളുടെ ചൂഷണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഈ ക്യാമ്പെയിന്‍ ലക്ഷ്യമിടുന്നു. വിവിധ തരത്തിലുള്ള ഇത്തരം ബോധവത്കരണത്തിലൂടെ പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.
2022 ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം ‘പരിസ്ഥിതി സംരക്ഷിക്കുക’ എന്നതാണ്. പുകയില ഭൂമിയെ എങ്ങനെ മലിനമാക്കുന്നുവെന്നും അത് ജീവിത ചക്രത്തിലുടനീളം ഒരാളുടെ ആരോഗ്യത്തെ എങ്ങനെ നശിപ്പിക്കുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. പുകയില പരിസ്ഥിതി ക്ക് ദോഷം ചെയ്യും. ഭൂമിയില്‍ 4.3 മില്ല്യണ്‍ ഹെക്ടറോളം പരന്നു കിടക്കുന്ന പുകയില കൃഷി, രണ്ട് മുതല്‍ നാലു ശതമാനം വരെ വനനശീകരണത്തിനു കാരണമാകുന്നുവെന്നാണ് കണക്ക്. കൂടാതെ കൃഷിക്ക് കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നതിലൂടെ ജല സ്രോതസുകള്‍ മലിനമാക്കപ്പെടുന്നു. ഇതിനോടൊപ്പം ഓരോ ദിവസവും പത്തു ബില്യണ്‍ സിഗരറ്റ് ആണ് പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. സമുദ്ര തീരങ്ങളില്‍ അടിയുന്ന സിഗരറ്റ് കുറ്റികള്‍ 30 മുതല്‍ 40 ശതമാനത്തോളം വരും. എല്ലാ വര്‍ഷവും ഈ ദിനത്തിന്റെ പ്രമേയം പുകയിലയും അതിന്റെ വ്യവസായവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക പ്രശ്‌നത്തെ അഭിസംബോധന ചെയ്താണ് പ്രഖ്യാപിക്കുന്നത്.
1987 മുതലാണ് ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങള്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ച് തുടങ്ങിയത്. ആഗോളതലത്തില്‍ പുകയിലയുണ്ടാക്കിയ പ്രതിസന്ധിയും പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന രോഗങ്ങളും പരിഗണിച്ചായിരുന്നു ഈ നീക്കം. തുടക്കത്തില്‍ ഏപ്രില്‍ 7ന് ആയിരുന്നു ലോക പുകവലി വിരുദ്ധ ദിനം. പിന്നീട് 1988ല്‍ ഈ ദിനാചരണം മെയ് 31 ആക്കി മാറ്റി. പുകയില ഉപഭോഗം മൂലം പ്രതിവര്‍ഷം എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ക്ഷയം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ പുകയില ഉപയോഗത്തിന്റെ ഫലങ്ങളാണ്. പുകവലിക്കാത്തവരും പുകവലിയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നതാണ് ഏറ്റവും സങ്കടകരം. മുതിര്‍ന്നവരില്‍ പരോക്ഷമായ പുകവലി ഹൃദയ-ശ്വാസകോശ സംബന്ധ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ പെട്ടെന്നുള്ള മരണത്തിലേക്കും ഇത് വഴിയൊരുക്കുന്നു. ഗര്‍ഭിണികളില്‍ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാന്‍ ഇടയാകുന്നു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഇതുണ്ടാക്കുന്നു. പൊതുസ്ഥലങ്ങളില്‍ പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാന്‍ ഇടവരുന്നെന്നാണ് കണക്ക്.
ഇതിനിടെ 2008-ല്‍ പുകയിലയുടെ എല്ലാ തരത്തിലുമുള്ള പരസ്യങ്ങളും പ്രചാരണവും ലോകാരോഗ്യ സംഘടന നിരോധിച്ചു. സിഗരറ്റ് വ്യവസായത്തില്‍ ആഗോളതലത്തില്‍ തന്നെ ചൈനയാണ് മുന്നില്‍. 2014-ല്‍ ലോകത്തെ മൊത്തം സിഗരറ്റിന്റെ 30% വും ചൈനയില്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്നായിരുന്നു കണക്ക്. പരസ്യങ്ങളുടെ നിരോധനത്തിനൊപ്പം ലോക വ്യാപകമായി ബോധവത്കരണ പരിപാടികള്‍ നടത്തിയാണ് പുകയിലയ്‌ക്കെതിരായ പോരാട്ടം തുടരുന്നത്. പുകവലി ഉപേക്ഷിക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ അത്തരമൊരു തീരുമാനമെടുക്കാന്‍ ഈ ദിനം എന്തുകൊണ്ടും മികച്ചതാണ്. സിഗരറ്റിനെ ഒഴിവാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല പുകവലി ഉപേക്ഷിക്കുകയെന്ന പ്രക്രിയ. നിങ്ങള്‍ മാനസികമായി നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും അതിജീവിക്കണം. വിത്ത് ഡ്രോവല്‍ ലക്ഷണങ്ങളെ വരുതിയിലാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളും നിങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ചില ഘട്ടങ്ങളില്‍ കൗണ്‍സിലിങ്ങും വൈദ്യ സഹായവും വരെ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തേടേണ്ടി വരും. ഒന്നുറപ്പാണ്, പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യവും ജീവിത നിലവാരവും ആയുസ്സും ഒപ്പം നിങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതവും മെച്ചപ്പെടും.
രണ്ടാം ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സര്‍വേയില്‍ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതല്‍ 17 വയസുള്ളവരില്‍ ഇതിന്റെ ഉപയോഗം നേരിയ തോതില്‍ വര്‍ധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മാത്രവുമല്ല പൊതുസ്ഥലങ്ങളിലും ഗാര്‍ഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് കാരണമാക്കുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോള്‍ ഫ്രീ നമ്പറുകളായ 1056, 104 എന്നിവ പുകവലി നിര്‍ത്തുന്നവര്‍ക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവര്‍ത്തിക്കുന്നു.
പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ നമ്പറുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം. കൂടാതെ സി.ഒ.പി.ഡി രോഗത്തിന്റെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ചികിത്സക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവ വഴിയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാഥമികതലം മുതല്‍ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയും കൗണ്‍സിലിംഗും ലഭ്യമാണ്. ആരോഗ്യ രംഗത്തെ ഗവേഷകരുടെയും മെഡിക്കല്‍ പ്രൊഫഷണലുകളുടെയും സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള 8 മില്യണിലധികം ആളുകള്‍ ഓരോ വര്‍ഷവും പുകയില ഉപയോഗം മൂലം മരിക്കുന്നുണ്ട്. പുകവലി ഒഴിവാക്കുന്നതിലൂടെ ഈ മരണസംഖ്യ കുറയ്ക്കാനാകും.
പുകവലിക്കുന്നവര്‍ക്ക് കോവിഡ് മൂലം ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തലുകളുണ്ട്. ഈ ഹാനികരമായ ശീലം ഉപേക്ഷിക്കാൻ ചില എളുപ്പ വഴികൾ ഉണ്ട് അതൊന്നു പരിശോധിക്കാം..
- ഒറ്റ രാത്രി കൊണ്ട് ആര്‍ക്കും പുകയില ഉപയോഗം നിര്‍ത്താന്‍ കഴിയില്ല. അതിനാല്‍ ഒരു പദ്ധതി തയ്യാറാക്കേണ്ടത് വളരെ പ്രധാനമാണ്. ആദ്യം ഒരു ദിവസം പുകവലി ഉപേക്ഷിക്കുക. തുടര്‍ന്ന് ഒരു ആഴ്ച, ഒരു മാസം എന്നിങ്ങനെ പടിപടിയായി മുന്നോട്ട് പോകുക. ഈ രീതിയില്‍ നിങ്ങള്‍ക്ക് പുകയില ഉപയോഗം കുറയ്ക്കാം. ഇതിലൂടെ തലവേദന, ഉത്കണ്ഠ എന്നീ അവസ്ഥകളെയും തടയാനാകും.
- നിങ്ങളുടെ വീട്ടില്‍ നിന്നും ജോലിസ്ഥലത്തു നിന്നും പുകയില ഉല്‍പന്നങ്ങൾ അകറ്റി നിര്‍ത്തുക. ഇതുവഴി പുകവലി ഇല്ലാതാക്കാം. കൂടാതെ നിങ്ങള്‍ക്ക് പുകവലിക്കാനുള്ള പ്രേരണ ഉണ്ടാകുന്നുണ്ടെങ്കില്‍ നിക്കോട്ടിന്‍ പാച്ചുകള്‍, നിക്കോട്ടിന്‍ ഗമ്മുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. അവ ചർമ്മത്തിലൂടെയോ വായിലൂടെയോ നിക്കോട്ടിൻ ചെറിയ അളവിൽ എത്തിക്കുകയും അമിതമായ പുകയില ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്നു.
- കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ തേടുന്നത് പുകവലി ഉപേക്ഷിക്കുന്നത് എളുപ്പമാക്കും. പുകവലിയില്‍ നിന്ന് പിന്തിരിക്കാന്‍ നിങ്ങള്‍ക്ക് അവരുടെ സഹായം ആവശ്യപ്പെടാം. ഈ ശീലം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
- പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യത്തിന്റെ ഉപയോഗവും ഒഴിവാക്കുക. കാരണം മദ്യം ഉപയോഗിക്കുമ്പോള്‍ പുകവലി ഉപേക്ഷിക്കണമെന്ന ചിന്തയില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കിയേക്കാം.
കാന്‍സര്‍, പ്രമേഹം, ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ മരണത്തിന് തന്നെ കാരണമാകുന്ന നിരവധി രോഗങ്ങളാണ് പുകവലി വരുത്തി വെക്കുന്നത്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടില്‍ ഏറെ ആസക്തിയുണ്ടാക്കുന്നതിനാല്‍ തന്നെ പുകയില ഉപയോഗിക്കുന്നവര്‍ ഇതിന് അടിമയാകുന്നു. അതിനാല്‍ തന്നെ ശീലം ഉപേക്ഷിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എന്നാല്‍ ചില രീതികളിലൂടെ ക്രമേണ പുകയില ഉപയോഗിക്കുന്ന ശീലത്തെ നിങ്ങൾക്ക് മറികടക്കാനാകും.