ദുബായ്∙ പുതിയ തരം വീസകൾ ഏർപ്പെടുത്തിയും നിയമങ്ങൾ ലഘൂകരിച്ചും ദുബായ് കുതിക്കുമ്പോൾ കൂടുതൽ പേർ ഇവിടേക്ക് എത്തുന്നതിനാൽ വാടക നിരക്കും ഉയർച്ചയിൽ. 25% വരെ വർധനയാണു പ്രധാന ഇടങ്ങളിൽ.
താരതന്മ്യേന കുറഞ്ഞ വാടകയുള്ള ദയ്റ, ദുബായ് സ്പോർട്സ് സിറ്റി, ജുമൈറ വില്ലേജ് എന്നിവിടങ്ങളിലും വാടകനിരക്കു വർധന രണ്ടക്കം കടന്നിരിക്കുകയാണ്. ഏറ്റവുമധികം ഉയർച്ച രേഖപ്പെടുത്തിയത് ദുബായ് മറീന, ജുമൈറ ബീച്ച് റസിഡൻസ്, ജുമൈറ ലേക്ക് ടവേഴ്സ് എന്നിവിടങ്ങളിലാണ്.
ഈ അവസ്ഥ തുടർന്നാൽ ഈ വർഷം അവസാനത്തോടെ ദുബായ് ഏറ്റവും കൂടുതൽ വാടക നിരക്ക് രേഖപ്പെടുത്തിയ 2014 ലെ അതേ നിലയിലേക്ക് എത്തുമെന്നാണ് മേഖലയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 25% വർധനയാണു ദുബായ് മറീനയിലുള്ളത്.
പാം ജുമൈറ, ജുമൈറ ബീച്ച് റസിഡൻസ്, ജുമൈറ ലേക്ക് ടവേഴ്സ് എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22%, ജുമൈറ വില്ലേജ് സർക്കിൾ, ഗ്രീൻസ് എന്നിവിടങ്ങളിൽ 21% വാടക ഉയർന്നു. ദയ്റ, ദുബായ് സ്പോർട്സ് സിറ്റി, ജുമൈറ വില്ലേജ് എന്നിവിടങ്ങളിൽ യഥാക്രമം 11%, 15%, 21% എന്നിങ്ങനെയാണു നിരക്ക് വർധന.