കുവൈത്ത് സിറ്റി: കുവൈത്തിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറച്ചു നൽകുന്ന സേവനത്തിന് ഇനി പണം നൽകണം. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കമ്പനികൾ പ്രവർത്തന രീതി മാറ്റുന്നത്. വാഹനത്തിലുള്ളവർ തന്നെ ഇറങ്ങി ഇന്ധനം നിറയ്ക്കുന്ന തരത്തിൽ പ്രവർത്തനം ക്രമീകരിക്കുകയാണ് പമ്പുകൾ.
രാജ്യത്തെ പെട്രോൾ പമ്പുകളിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് പലയിടങ്ങളിലും വലിയ തിരക്കുകൾക്ക് കാരണമാവുകയും ചെയ്തു. പെട്രോൾ പമ്പിലെ ജീവനക്കാർ ഇന്ധനം നിറച്ചുനൽകണമെങ്കിൽ 200 ഫിൽസ് ഫീസ് ഈടാക്കുമെന്നാണ് ഔല ഫ്യുവർ മാർക്കറ്റിങ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ സ്വയം ഇന്ധനം നിറയ്ക്കുന്ന സെൽഫ് സർവീസ് സംവിധാനം ചില പമ്പുകളിൽ തുടങ്ങിയതായി ഔല ചെയർമാൻ അബ്ദുൽ ഹുസൈൻ അൽ സുൽത്താൻ പറഞ്ഞു.
സെൽഫ് സർവീസ് രീതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും പമ്പുകളിൽ ജീവനക്കാരുടെ സേവനം നിർത്തലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ വാഹനങ്ങൾക്ക് കമ്പനി പ്രത്യേകം സ്റ്റിക്കറുകൾ നൽകും. ഇവർക്ക് അധിക ഫീസ് കൊടുക്കാതെ ജീവനക്കാരുടെ സേവനം പമ്പുകളിൽ ലഭ്യമാവുകയും ചെയ്യും.