കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ റായ് പ്രദേശത്ത് വൻ തീപിടുത്തം. ടെന്റുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന നിർമാണ സാമഗ്രികളും മറ്റും വിൽപന നടത്തിയിരുന്ന താത്കാലിക ഷെഡുകളിലാണ് തീപിടിച്ചത്. ഇവിടെ 4000 ചതുരശ്ര മീറ്റർ സ്ഥലത്ത് തീ പടർന്നുപിടിച്ചതായി കുവൈത്ത് ഫയർ ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നാല് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ ശ്രമകരമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിർമാണ സാമഗ്രികളും മറ്റും കത്തിനശിച്ചതിലൂടെ കോടികളുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീപിടുത്തത്തിന്റെ കാരണം ഉൾപ്പെടെ കണ്ടെത്താൻ ലക്ഷ്യമിട്ട് വിപുലമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.