മസ്കത്ത്: സീബ് വിലായത്തിലുണ്ടായ തീപിടിത്തത്തിൽ കോഴിക്കോട് സ്വദേശിയുടേതുൾപ്പെടെ എട്ടുപേരുടെ കടകൾ കത്തിനശിച്ചു. സീബ് ഖാബൂസ് മസ്ജിദിനു സമീപത്തുള്ള ബിൽഡിങ്ങിൽ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ഇവിടെയുണ്ടായിരുന്ന ഫർണിച്ചർ കടക്കാണ് ആദ്യം തീപിടിച്ചത്. പിന്നീടാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കൊയപ്പത്തൊടി അബ്ദുസ്സമദ് അടക്കമുള്ളവരുടെ കടയിലേക്ക് തീപടരുന്നത്. ഇദ്ദേഹത്തിൻറെ ബിൽഡിങ് മെറ്റീരിയൽസും ഇലക്ട്രിക് ഉൽപന്നങ്ങളും വിൽക്കുന്ന കട പൂർണമായും അഗ്നി വിഴുങ്ങി. ഒരു ലക്ഷം റിയാലിൻറെ നഷ്ടമാണ് സംഭവിച്ചതെന്ന് അബ്ദുസ്സമദ് പറഞ്ഞു. 12 മണിക്ക് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ വളരെ സാഹസപ്പെട്ട് രാത്രി വൈകിയും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.