ഷാർജ: അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ച് പരസ്യം ചെയ്യുന്ന മസാജ് പാർലറുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി ഷാർജ പൊലീസ്. ഇത് സംബന്ധിച്ച് ഷാർജ പൊലീസ് സമർപ്പിച്ച നടപടികൾക്ക് എമിറേറ്റ് കൺസൾട്ടേറ്റിവ് കൗൺസിൽ അംഗീകാരം നൽകി.
അശ്ലീലമായ പരസ്യങ്ങൾ ഉപയോഗിച്ചാൽ മസാജ് പാർലറുകൾക്ക് പിഴ ചുമത്താനാണ് തീരുമാനം. അതോടൊപ്പം യാചകർ, ഒളിച്ചോടുന്ന തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ എന്നിവർക്കെതിരെയും നടപടി കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായവർക്കായി ഒരു പുനരധിവാസ കേന്ദ്രം നിർമിക്കാനും കൗൺസിൽ അംഗീകാരം നൽകി.
സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതും ശരിയല്ലാത്ത പ്രവണതകൾ ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടികൾ.
അപകടങ്ങൾ കുറക്കുന്നതിന് ഡെലിവറി റൈഡർമാർക്ക് പ്രത്യേക പരിശീലനം നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഡെലിവറി വാഹനങ്ങളുടെ അപകടം വർധിച്ച സാഹചര്യത്തിലാണിത്. ഗതാഗതക്കുരുക്ക് നിരീക്ഷിക്കാനും അപകട ഹോട്ട് സ്പോട്ടുകൾ കണ്ടെത്താനുമായി സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിക്കാൻ എമിറേറ്റ് റോഡ്സ് അതോറിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യും. മികച്ച അന്താരാഷ്ട്ര രീതികൾ പിന്തുടരുന്ന ആംബുലൻസ് സംവിധാനം രൂപപ്പെടുത്താനും അംഗീകാരം ലഭിച്ചിട്ടുണ്ട്.