ദോഹ∙ജൂൺ 15 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. സൗദി അറേബ്യയിലെ ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവീസുകളാണ് വർധിപ്പിച്ചത്.
ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്ക് നിലവിൽ പ്രതിദിനം 3 സർവീസുകൾ വീതമാണുള്ളത്. ജൂൺ 15 മുതൽ രണ്ടിടങ്ങളിലേക്കും 4 സർവീസുകൾ വീതവും മദീനയിലേക്ക് നിലവിലെ 2 സർവീസുകൾ എന്നത് 3 ആക്കിയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ സർവീസുകൾ കൂടി തുടങ്ങുന്നതോടെ സൗദിയിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ പ്രതിദിന സർവീസുകളുടെ എണ്ണം 13 ആകും.
ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ എയർവേയ്‌സിന്റെ യുഎസ്എ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ സർവീസുകളും പ്രയോജനപ്പെടുത്താം. ജൂലൈ 15 മുതൽ അബുദാബിയിലേക്ക് 3 പ്രതിദിന സർവീസുകൾ കൂടി ഖത്തർ എയർവേയ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.