റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മലയാളിയും തമിഴ്‌നാട്, ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരുമാണ് മരിച്ചത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ പടിറ്റതിൽ ഇസ്മായിൽ കുഞ്ഞിന്റെ മകൻ മുഹമ്മദ് റാഷിദ് (32) ആണ് മരിച്ച മലയാളി. അൽ ഹസയിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹർദിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്. പിക്കപ്പ് വാൻ മണൽ കൂനയിൽ കയറി മറിയുകയായിരുന്നു.
അപകടത്തിൽ വാഹനം തലകീഴായി മറിഞ്ഞു. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് മൂന്നു പേരും മരിച്ചത്. അപകടം നടന്ന ഉടൻ അതുവഴി എത്തിയ സ്വദേശി പൗരൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്.