കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളികൾ ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തുതാമസിച്ചാൽ ഇഖാമ അസാധുവാകുമെന്ന ഓർമപ്പെടുത്തലുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മേയ് 31ന് മുമ്പ് സ്പോൺസർ നേരിട്ടെത്തി അപേക്ഷ സമർപ്പിച്ചാൽ കാലാവധി നീട്ടി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു താമസിച്ചാൽ ഇഖാമ അസാധുവാകുന്ന നിയമം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നേരത്തെ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. പിന്നീട് ഗാർഹികത്തൊഴിലാളികൾക്ക് മാത്രം ബാധകമാക്കി കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചു.
കോവിഡ് കാലത്ത് നാട്ടിലേക്ക് പോയ നിരവധി ഗാർഹിക ജോലിക്കാർ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് നിയമം സംബന്ധിച്ച് ഓർമപ്പെടുത്തിയത്. ആറുമാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന ഗാർഹിക ജോലിക്കാരുടെ ഇഖാമക്ക് മേയ് 31ന് ശേഷം സാധുത ഉണ്ടാകില്ല.
കാലാവധി ഉണ്ടെങ്കിലും ഇഖാമ സ്വമേധയ അസാധുവാകും. എന്നാൽ സ്പോൺസർ മേയ് 31ന് മുമ്പ് താമസകാര്യ വകുപ്പിൽ നേരിട്ടെത്തി പ്രത്യേക അപേക്ഷ നൽകിയാൽ ഇഖാമ സംരക്ഷിക്കാം. താമസിക്കുന്ന ഗവർണറേറ്റിലെ താമസവകുപ്പ് കാര്യാലയത്തെയാണ് സമീപിക്കേണ്ടത്.