മനാമ: ബഹ്റൈൻറെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ മൊബൈൽ ആപ്ലിക്കേഷനിൽ ആപ്പിൾ പേ അവതരിപ്പിച്ചു. ഗൾഫ് എയർ ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഓർമിക്കുകയോ ടൈപ് ചെയ്യുകയോ ചെയ്യാതെ തന്നെ എയർലൈനിൻറെ ആപ്ലിക്കേഷനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ഫേസ് ഐഡി ഉപയോഗിച്ച് എളുപ്പത്തിൽ പേമെൻറ് നടത്താൻ കഴിയുന്ന സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ഫ്ലൈറ്റുകളും സീറ്റുകളും തെരഞ്ഞെടുക്കാനും അധിക ലഗേജ് വാങ്ങാനും മൊബൈൽ ആപ്പിൽ സൗകര്യമുണ്ട്. ഇതിനു പുറമേയാണ് ഇപ്പോൾ ആപ്പിൾ പേ ഉപയോഗിച്ച് പണമടക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ടിങ് ചീഫ് എക്സിക്യുട്ടിവ് ഓഫിസർ ക്യാപ്റ്റൻ വലീദ് അൽഅലാവി പറഞ്ഞു.
ആപ്പിൾ പേ സംരംഭം പൂർണമായും ആവിഷ്കരിച്ച് നടപ്പാക്കിയത് ബഹ്റൈനി ഡിജിറ്റൽ, ഐടി, ഫിനാൻസ് വിദഗ്ധരുടെ സംഘമാണ്. ബഹ്റൈൻ യുവജനങ്ങൾ ആദ്യന്തം ഇത്തരം സംരംഭങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നും ക്യാപ്റ്റൻ വലീദ് അൽഅലാവി പറഞ്ഞു. ഭാവിയിൽ വലിയ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ അവരെ പ്രാപ്തരാക്കുന്നതിന് പരിശീലന പരിപാടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.