അഹമ്മദാബാദ്: രണ്ടാം പ്ലേഓഫ് മത്സരത്തിൽ അനായാസ ജയം നേടി രാജസ്ഥാൻ റോയൽസ് ഐപിഎൽ 2022 ന്റെ ഫൈനലിൽ. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 18.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ജോസ് ബട്ലറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ടീം അനായാസ ജയം നേടിയത്.
ബട്ലർ പുറത്താകാതെ 108 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ സജ്ഞു സാംസൺ 22 റൺസെടുത്ത് പുറത്തായി. 7 വിക്കറ്റും 11 പന്തും ബാക്കി നിർത്തിയാണ് രാജസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്.
2008 ന് ശേഷം രാജസ്ഥാന് റോയല്‍സ് ഇതാദ്യമായാണ് ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. 2008-ലെ പ്രഥമ ഐ.പി.എല്‍ കിരീടം രാജസ്ഥാന് സ്വന്തമാക്കിയിരുന്നു. അതിനുശേഷം 2013, 2015, 2018 സീസണുകളില്‍ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്തായി. ഇതിഹാസ താരം ഷെയ്ന് വോണിന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകന് എന്ന നേട്ടം സഞ്ജു സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ബാംഗ്ലൂരിനെതിരെ ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് ലഭിച്ചതോടെ കളിക്കുമുമ്പ് രാജസ്ഥാൻറെ ഭാഗ്യജാതകം തെളിഞ്ഞുവെന്നാണ് ആരാധകർ കരുതുന്നത്. ഈ സീസണിൽ വെറും മൂന്നാം തവണ മാത്രമാണ് രാജസ്ഥാൻ ടോസിൽ വിജയിക്കുന്നത്. ആദ്യ പ്ലേ ഓഫ് ഉൾപ്പടെ ഈ സീസണിൽ രാജസ്ഥാൻ തോറ്റ ആറ് മത്സരങ്ങളിൽ അഞ്ചിലും രാജസ്ഥാന് ടോസ് നഷ്ടപ്പെട്ടിരുന്നു. 16 മത്സരങ്ങളിൽ നിന്നായി 13 ടോസുകളിലാണ് സഞ്ജു ഇതുവരെ പരാജയപ്പെട്ടത്.
ടോസ് നേടി ബാംഗ്ലൂരിനെ ബാറ്റിങിനയച്ച സഞ്ജുവിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ആദ്യ ഓവറുകളിൽ രാജസ്ഥാൻ ബൌളർമാരുടെ പ്രകടനം. മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ രണ്ടാം ഓവറിൽ പ്രസീദ് കൃഷ്ണ പുറത്താക്കി. ഏഴ് റൺസുമായി സഞ്ജുവിന് ക്യാച്ച് നൽകിയാണ് കോഹ്ലി മടങ്ങിയത്. എന്നാൽ ആദ്യ വിക്കറ്റ് വീണതിൻറെ ക്ഷീണമൊന്നും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ബാംഗ്ലൂരിന്റെ കളിയിൽ കണ്ടില്ല. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ രജിത് പഠീദാറും ക്യാപ്റ്റൻ ഡുപ്ലസിയും ചേർന്ന് ബാംഗ്ലൂർ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു.
പിന്നാലെ അടിച്ചുതകര്‍ത്ത പടിദാര്‍ ഡുപ്ലെസിയ്ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഒബെഡ് മക്കോയ് ഈ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ഡുപ്ലെസ്സിയെ മക്കോയ് അശ്വിന്റെ കൈയ്യിലെത്തിച്ചു.
ഡുപ്ലെസ്സിയ്ക്ക് പകരം ഗ്ലെന്‍ മാക്സ്വെല് ക്രീസിലെത്തി. 12.3 ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. വെടിക്കെട്ട് പ്രകടനവുമായി മാക്സ്വെല് കളം നിറഞ്ഞെങ്കിലും താരത്തിന്റെ ഇന്നിങ്സിന് അധികം ആയുസ്സുണ്ടായില്ല. 13 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത മാക്സ്വെല്ലിനെ ട്രെന്റ് ബോള്‍ട്ട് മക്കോയിയുടെ കൈയ്യിലെത്തിച്ചു. മികച്ച ക്യാച്ചാണ് മക്കോയ് നേടിയത്. മാക്സ്വെല്ലിന് പകരം മഹിപാല്‍ ലോംറോര്‍ ക്രീസിലെത്തി. ലോംറോറിനെ സാക്ഷിയാക്കി തകര്‍പ്പന്‍ സിക്സിലൂടെ പടിദാര്‍ അര്‍ധസെഞ്ചുറി നേടി. 40 പന്തുകളില്‍ നിന്നാണ് താരം 50 റണ്‍സിലെത്തിയത്.
പക്ഷേ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ പടിദാര്‍ പുറത്തായി. 42 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 58 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. പടിദാറിന് പകരം ദിനേശ് കാര്‍ത്തിക് ക്രീസിലെത്തി. റണ്‍സ് നേടാന്‍ ബുദ്ധിമുട്ടിയ ലോംറോറിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വെറും എട്ട് റണ്‍സെടുത്ത താരത്തെ മക്കോയ് അശ്വിന്റെ കൈയ്യിലെത്തിച്ചു. ലോംറോറിന് പുറകേ ടീമിന്റെ വിശ്വസ്തനായ ദിനേഷ് കാര്‍ത്തിക്കും കൂടാരം കയറി. വെറും ആറ് റണ്‍സ് മാത്രമെടുത്ത കാര്‍ത്തിക്കിനെ പ്രസിദ്ധ് പരാഗിന്റെ കൈയ്യിലെത്തിച്ചു.
തൊട്ടടുത്ത പന്തില്‍ ഹസരംഗയെ ക്ലീന്‍ബൗള്‍ഡാക്കി പ്രസിദ്ധ് ബാംഗ്ലൂരിനെ തകര്‍ത്തു. പിന്നാലെ വന്ന ഹര്‍ഷല്‍ പട്ടേല്‍ വെറും ഒരു റണ്ണെടുത്ത് മടങ്ങി. മറുവശത്ത് ഷഹബാസ് അഹമ്മദ് സ്കോറുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ കണിശതയാര്‍ന്ന ബൗളിങ്ങിലൂടെ രാജസ്ഥാന് മത്സരത്തില്‍ പിടിമുറുക്കി. ഷഹബാസ് 12 റണ്‍സെടുത്തും ഹെയ്സല്‍വുഡ് ഒരു റണ്‍ നേടിയും പുറത്താവാതെ നിന്നു.
രാജസ്ഥാന് വേണ്ടി പ്രസിദ്ധ് കൃഷ്ണയും മക്കോയിയും മൂന്ന് വിക്കറ്റ് വീതം നേടി. അശ്വിനും ബോള്‍ട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
158 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്ലറും യശസ്വി ജയ്സ്വാളും ചേര്‍ന്ന് നല്‍കിയത്. ആദ്യ അഞ്ചോവറില്‍ 61 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പക്ഷേ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ജയ്സ്വാളിനെ മടക്കി ജോഷ് ഹെയ്സല്‍വുഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ജയ്സ്വാള്‍ വിരാട് കോലിയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
പക്ഷേ ബട്ലര് മറുവശത്ത് അനായാസം ബാറ്റുവീശി. 23 പന്തുകളില്‍ നിന്ന് താരം അര്‍ധസെഞ്ചുറി കുറിച്ചു. ജയ്സ്വാളിന് പകരം നായകന് സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. സഞ്ജുവും നന്നായി ബാറ്റ് വീശാനാരംഭിച്ചതോടെ രാജസ്ഥാന് സ്കോര്‍ കുതിച്ചു. വെറും 9.1 ഓവറില്‍ ടീം സ്കോര്‍ 100 കടന്നു.
പക്ഷേ 12-ാം ഓവറില്‍ സഞ്ജുവിന് കാലിടറി. ഹസരംഗയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച സഞ്ജുവിനെ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കി. 21 പന്തില്‍ ഒരു ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 23 റണ്‍സെടുത്താണ് നായകന് ക്രീസ് വിട്ടത്. സഞ്ജുവിന് പകരം ദേവദത്ത് പടിക്കല്‍ ക്രീസിലെത്തി. പിന്നാലെ ബട്ലര് ഈ സീസണില്‍ 800 റണ്‍സ് മറികടന്നു. സഞ്ജുവിന് പകരമെത്തിയ ദേവ്ദത്തിന് ഫോം കണ്ടെത്താനായില്ല. വെറും ഒന്‍പത് റണ്‍സെടുത്ത താരത്തെ ഹെയ്സല്‍വുഡ് കാര്‍ത്തിക്കിന്റെ കൈയ്യിലെത്തിച്ചു. ദേവ്ദത്തിന് പകരം ഹെറ്റ്മെയര്‍ ക്രീസിലെത്തി.
18-ാം ഓവറില്‍ ജോസ് ബട്ലര് സെഞ്ചുറി നേടി. വെറും 59 പന്തുകളില്‍ നിന്നാണ് താരം മൂന്നക്കം കണ്ടത്. താരത്തിന്റെ ഈ സീസണിലെ നാലാം സെഞ്ചുറിയാണിത്. നാല് അര്‍ധശതകവും ബട്ലറുടെ പേരിലുണ്ട്. പിന്നാലെ 18-ാം ഓവറിലെ ആദ്യ പന്തില്‍ സിക്സ് നേടിക്കൊണ്ട് ബട്ലര് രാജസ്ഥാനെ വിജയതീരത്തെത്തിച്ചു. ബട്ലര് 60 പന്തുകളില്‍ നിന്ന് ആറ് സിക്സിന്റെയും പത്ത് ഫോറിന്റെയും അകമ്പടിയോടെ 106 റണ്‍സെടുത്തും ഹെറ്റ്മെയര്‍ രണ്ട് റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
ബാംഗ്ലൂരിന് വേണ്ടി ജോസ് ഹെയ്സൽവുഡ് രണ്ടും വനിദു ഹസരങ്ക ഒരു വിക്കറ്റും നേടി.
മേയ് 29 ന് നടക്കുന്ന ഫൈനലില്‍ രാജസ്ഥാന് റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.