കൊച്ചി: സ്വന്തം മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കൊലയാളിയെ വകവരുത്തുന്ന പിതാവിൻറെ പകയുടെ കഥ പറയുന്ന തീർപ്പ് ഹ്രസ്വചിത്രം റിലീസായി. കേരളത്തിൽ ഏറെ വിവാദമായ ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് തീർപ്പ്. സംവിധായകൻ പ്രദീപ് നാരായണനാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
നിയമത്തിൻറെ പഴുതിലൂടെ രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് കൊല ചെയ്യുന്നതാണ് ചിത്രത്തിൻറെ പ്രമേയമെങ്കിലും നമ്മുടെ നിയമവ്യവസ്ഥയോടും നീതിന്യായരംഗത്തോടും ചോദ്യം ചെയ്യുന്നതാണ് ‘തീർപ്പി’ൻറെ ഇതിവൃത്തമെന്ന് സംവിധായകൻ പ്രദീപ് നാരായണൻ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ഞമനേംങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഞമനേംങ്ങാട് തിയ്യേറ്റർ വില്ലേജിൻറെ അമരക്കാരനായ നാരായണൻ ആത്രപ്പുള്ളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്ത നടനാണ് നാരായണൻ ആത്രപ്പുള്ളി. പ്രമേയത്തിലെയും അവതരണത്തിലെയും പുതുമ കൊണ്ട് തീർപ്പ് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
അഭിനേതാക്കൾ- നാരായണൻ ആത്രപ്പുള്ളി, രാജേഷ് അടയ്ക്കാ പുത്തൂർ, നിഖിൽ, അശ്വന അനിൽ. ബാനർ- എഫ് എയ്റ്റ് , സംവിധാനം-പ്രദീപ് നാരായണൻ, നിർമ്മാണം- അനിൽ കിഴൂർ, കഥ, തിരക്കഥ,സംഭാഷണം- ജയേഷ് മൈനാഗപ്പിള്ളി, ക്യാമറ- തോംസ് ആർത്താറ്റ്, എഡിറ്റർ-സജീഷ് നമ്പൂതിരി, ശബ്ദമിശ്രണം-റിച്ചാർഡ് അന്തിക്കാട്, പശ്ചാത്തലസംഗീതം-ബിഷോയ് അനിയൻ, ആർട്ട്-ഷെബീറലി, പ്രൊഡക്ഷൻ മാനേജർ-രഞ്ജിനി അനിലൻ, ക്യാമറ അസിസ്റ്റൻറ്-വൈഷ്ണവ്.
















