കുവൈത്ത് സിറ്റി: പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി കുവൈത്ത് നിർമ്മിക്കുന്ന അന്താരാഷ്ട്ര ഗവേഷണകേന്ദ്രത്തിന്റെ നിർമാണ ജോലികൾ ഈ വർഷം അവസാനത്തോടെ തുടങ്ങും.
കുവൈത്ത് എണ്ണ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണിത്. പദ്ധതി നാലുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം.
നിർമാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ബൃഹത്തായ പെട്രോളിയം റിസർച്ച് സെൻറർ ആയിരിക്കും ഇതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. കുവൈത്ത് പെട്രോളിയം കോർപറേഷൻ ആണ് ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രം കുവൈത്തിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
കേന്ദ്രത്തിന്റെ വിശദമായ പ്ലാനും ടെൻഡറിനുള്ള രേഖകളും പൂർത്തിയാക്കി ആവശ്യമായ അനുമതികൾ എടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.
എണ്ണ പര്യവേഷണം, ക്രൂഡോയിലുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, സാങ്കേതിക വിദ്യാ വികസനം എനീ മേഖലകളിൽ മികവ് പുലർത്തുന്നതിനും, സാങ്കേതികമായി രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാനും ഗവേഷണകേന്ദ്രം വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. അഹമ്മദി ഗവർണറേറ്റിന്റെ വടക്കു കിഴക്കൻ മേഖലയിലാണ് 250,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കേന്ദ്രം സ്ഥാപിക്കുന്നത്. 28 ടെക്നോ ലാബുകളും 300 ഹൈടെക് ഉപകരണങ്ങളും സജ്ജീകരിക്കും. കൂടാതെ കോൺഫറൻസ് സെൻററുമുണ്ടാകും. 400നും 600 നും ഇടയിൽ വിദഗ്ധ ജീവനക്കാരും ഗവേഷണ കേന്ദ്രത്തിെൻറ ഭാഗമാകും.
ലോകത്തിലെ തന്നെ പെട്രോളിയം മേഖലക്ക് മുതൽക്കൂട്ടാകുന്ന അറിവും അനുഭവ സമ്പത്തും സംഭാവന ചെയ്യാൻ കുവൈത്തിലെ നിർദ്ദിഷ്ട ഗവേഷണ കേന്ദ്രത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.