മസ്കത്ത്: പത്ത് വർഷമായി നിർത്തിവെച്ചിരുന്ന ഒമാൻ-ഇറാൻ വാതക പൈപ്പ്ലൈൻ പദ്ധതി പുനുരുജീവിപ്പിക്കുന്നു. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെ സന്ദർശനത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും 60 ശതകോടി ഡോളറിന്റെ വാതക പൈപ്പ് ലൈൻ നിർമാണം പുനരുജ്ജീവിപ്പിക്കാൻ ധാരണയായിരിക്കുന്നത്. പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ തെഹ്റാൻ സമ്മതിച്ചതായി ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇറാൻ എണ്ണ മന്ത്രി ജവാദ് ഔജി ഒമാനിലെത്തി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ധാരണയിലും മറ്റും എത്തിയിരുന്നു. 2013ലാണ് കടലിനടിയിലെ പൈപ്പ് ലൈൻ പദ്ധതിക്കായി കരാർ ആദ്യം ഒപ്പിട്ടത്. ഇറാനിൽനിന്ന് ഒമാനിലെ മുസന്ദം പ്രവിശ്യയിലേക്ക് വാതകം എത്തിക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിലയിലെ വിയോജിപ്പിനെ തുടർന്ന് കരാർ നിർത്തിവെച്ചു. 2015ലെ ആണവ പദ്ധതിയിൽനിന്ന് യു.എസ് പിന്മാറിയതോടെ പദ്ധതിക്ക് വീണ്ടും കാലതാമസം നേരിട്ടു. പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് വിദഗ്ധർ പറയുന്നു. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പല യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽനിന്ന് ഗ്യാസ് വിതരണത്തിന് തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇറാൻ-ഒമാൻ പദ്ധതി യാഥാർഥ്യമാകുകയാണെങ്കിൽ പലർക്കുമിത് ബദൽ സംവിധാനമായി മാറ്റാൻ കഴിയുമെന്ന് സപ്ലൈ ആൻഡ് ലോജിസ്റ്റിക്സ് വിദഗ്ധൻ സഈദ് അൽ-ഹൂത്തി പറഞ്ഞു. പൈപ്പ്ലൈൻ പുനരാരംഭിക്കുന്നത് ഒമാനിന് സാമ്പത്തിക മുന്നേറ്റമുണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.