റിയാദ്: ഹജ്ജിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന മക്കയിലേക്ക് ഇനി പ്രത്യേക പെർമിറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം. ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പ്രത്യേക പെർമിറ്റ് നേടാത്തവർ മക്കയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് പ്രാബല്യത്തിൽവന്നതായി പൊതുസുരക്ഷാ വകുപ്പ് വക്താവ് ബ്രിഗേഡിയർ സമി അൽ ശുവൈരിഖ് അറിയിച്ചു.
പ്രത്യേക പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന വിദേശികളെയും വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കും. ജോലി ആവശ്യാർഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലഭിച്ച പ്രത്യേക പെർമിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെർമിറ്റ്, ഹജ് പെർമിറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവരെ ചെക്ക് പോസ്റ്റുകളിൽനിന്ന് തിരിച്ചയക്കുമെന്നും ബ്രിഗേഡിയർ സമി അൽശുവൈരിഖ് പറഞ്ഞു.